ന്യൂഡെല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും തെഹല്‍ക്കയുടെ സ്ഥാപകരില്‍ ഒരാളുമായ തരുണ്‍ തേജ്‌പാല്‍ സഹപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗിക പീഡന ശ്രമം നടത്തിയതായി പരാതി. പരാതിയെ തുടര്‍ന്ന് അദ്ദേഹം തെഹല്‍ക്കയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം ഒഴിഞ്ഞു. ആറുമാസത്തേക്കാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് മാറി നില്‍ക്കുക. . തരുണ്‍ തേജ് പാല്‍ തന്നെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതായി ഒരു ജൂനിയര്‍ റിപ്പോര്‍ട്ടര്‍ മാനേജ് മെന്റിനു പരാതി നല്‍കുകയായിരുന്നു. തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ച തേജ്പാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് ജൂനിയര്‍ പത്രപ്രവര്‍ത്തകയ്ക്ക് നേരെ തേജ്പാലിന്റെ പീഡന ശ്രമം ഉണ്ടായത്. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ തേജ്പാലിനെതിരെ പീഡനശ്രമത്തിനു കേസെടുത്തിട്ടില്ല. വിഷയം സ്ഥാപനത്തിലെ ആഭ്യന്തര വിഷയമായി ഒതുക്കുവാനാണ് ശ്രമം എന്ന് ആരോപണം ഉയര്‍ന്നു.
കിരണ്‍ ബേദി ഉള്‍പ്പെടെ പല പ്രമുഖരും തേജ്പാലിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ചു. ഓണ്‍ലൈനില്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ലൈംഗിക ആരോപണം ഉണ്ടായാല്‍ അത് മാപ്പു പറഞ്ഞ് ഒതുക്കുന്നത് ശരിയല്ലെന്നും പ്രതിയെ നിയമ നടപടികള്‍ക്ക് വിധേയനാക്കണമെന്നും പലരും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഇത് തെറ്റായ പ്രവണതയ്ക്ക് വഴിവെക്കുമെന്ന് പലരും സൂചിപ്പിച്ചു. അടുത്തിടെ കേരളത്തില്‍ നടി ശ്വേതാ മേനോനു നേരെ കോണ്‍ഗ്രസ്സ് എം.പി. പീതാംബരക്കുറുപ്പ് പൊതു സ്ഥലത്ത് വച്ച് അപമര്യാദയായി പെരുമാറ്റം നടത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും എം.പി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കാതെ ഒതുക്കിത്തീര്‍ക്കുകയായിരുന്നു.