ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാനെ പിന്തുണച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കാസര്‍ക്കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് കേന്ദ്രകൃഷിമന്ത്രാലയം വ്യക്തമാക്കുന്നു.എന്‍ഡോസള്‍ഫാന്റെ ഉപയോഗം 11 വര്‍ഷം കൊണ്ട് കുറച്ചാല്‍ മതി. അടിയന്തിരമായി നിരോധിക്കേണ്ടതില്ല. നിരോധനം അനാവശ്യമാണെന്നും മറ്റ് രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ശാസ്ത്രീയമായല്ലെന്നും സംശയത്തിന്റെ പേരിലാകാമെന്നും, അനുമതി ഇല്ലാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയതെന്നും കൃഷിമന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ലോകാരോഗ്യ സംഘടനയും ലോക ഭക്ഷ്യ സംഘടനയും 2006ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ ഹാനികരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹരജിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്രകൃഷിമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൃഷിമന്ത്രാലയത്തിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ വന്ദന ജെയ്‌നാണ് സത്യവാങ്മൂലം നല്‍കിയത്.