ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തി. മുംബൈ ആക്രമണം നടന്ന വേളയില്‍ ഈ കാര്യം വെളിപ്പെടുത്തിയ മുന്‍ ന്യൂനപക്ഷ കാര്യ മന്ത്രി എ. ആര്‍. ആന്തുലെയുടെ പരാമര്‍ശങ്ങളോട് സാമ്യമുള്ളതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍.
മാലേഗാവ് സ്ഫോടന കേസില്‍ താന്‍ നടത്തിയ അന്വേഷണത്തില്‍ പ്രകോപിതരായവര്‍ തന്റെയും തന്റെ കുടുംബത്തിന്റെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതായി നവംബര്‍ 26ന് വൈകുന്നേരം 7 മണിക്ക് കര്‍ക്കരെ തന്നെ തന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. അതിനു രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് മുംബൈ ഭീകരാക്രമണം തുടങ്ങിയത്.
മുംബൈയില്‍ വെറും ഒരു വിദ്യാര്‍ത്ഥി മാത്രമായിരുന്ന തന്റെ മകന്‍ ദുബായില്‍ പണം കൊയ്യുകയാണ് എന്ന് ഒരു തീവ്ര വലതു പക്ഷ ഹിന്ദു സംഘടനയുടെ മുഖപത്രം എഴുതിയതും തന്നെ ഏറെ വിഷമിപ്പിക്കുന്നതായി കര്‍ക്കരെ പറഞ്ഞു.
രാത്രി കര്‍ക്കരെ കൊല്ലപ്പെട്ട വിവരം അറിഞ്ഞ താന്‍ ആദ്യം കരുതിയത് അവര്‍ കര്‍ക്കരെയെ കൊലപ്പെടുത്തി എന്നാണ്. പിന്നീടാണ് അന്ന് നഗരത്തില്‍ നടന്ന സംഭവ വികാസങ്ങള്‍ താന്‍ അറിഞ്ഞത്.
ഇതേ വിഷയത്തെ പരാമര്‍ശിച്ച് മുന്‍ കേന്ദ്ര മന്ത്രി എ. ആര്‍. ആന്തുലെ കര്‍ക്കരെ “ഭീകരതയുടെയും ഭീകരതയുടെ കൂടെ മറ്റെന്തൊക്കെയുടെയും” ഇരയാണ് എന്ന് പറഞ്ഞത് ഏറെ വിവാദം ആകുകയും അദ്ദേഹത്തിന്റെ രാജിയില്‍ അത് കലാശിക്കുകയും ചെയ്തിരുന്നു.
മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ആലപ്പ നാളുകള്‍ക്ക് മുന്‍പ് ഇവര്‍ ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല.
കേവലമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇറങ്ങി തിരിച്ച മോഡിയുടെ നിലപാട് അന്ന് എല്ലാവരേയും അമ്പരപ്പിക്കുകയുണ്ടായി. ഹേമന്തിന്റെ വിധവയായ കവിത, മോഡി ഹേമന്തിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിക്കുകയും തനിക്ക് മോഡിയുടെ സഹായ ധനം വേണ്ട എന്ന് അറിയിക്കുകയും ചെയ്തിരുന്നു.