ന്യൂഡല്‍ഹി: അഴിമതിക്കെതിരേ സംയുക്ത സമരത്തിനിറങ്ങിയ ആദ്യ ദിവസം തന്നെ അണ്ണാ ഹസാരെ- ബാബാ രാംദേവ് സംഘത്തില്‍ ഭിന്നത മറനീക്കി പുറത്ത് വന്നു. രാഷ്ട്രീയ നേതാക്കളെ പേരെടുത്തു വിമര്‍ശിക്കുന്നതില്‍ നിന്നു തന്നെ തടഞ്ഞ രാംദേവിനോടു പ്രതിഷേധിച്ച് ഹസാരെ സംഘത്തിലെ പ്രമുഖന് അരവിന്ദ് കെജ്രിവാള് സമരവേദി വിട്ടു.
ഇന്നലെ ജന്തര്‍ മന്തറില്‍ ഏകദിന നിരാഹാര സമരത്തിനിടെയാണു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഈ നടപടി സമരത്തിന്റെ നിറം കെടുത്തി എങ്കിലും ബാബാ രാംദേവും അരവിന്ദ് കെജ്രിവാളും പരസ്പരം സംസാരിച്ചു പ്രശനം പരിഹരിച്ചു എന്നാണു റിപ്പോര്‍ട്ട്. കെജ്രിവാള് പ്രമേഹരോഗിയായതിനാലാണു പാതിവഴിയില്‍ ഇറങ്ങിപ്പോയതെന്നു രാംദേവ്. ശാരീരികാസ്വാസ്ഥ്യം മൂലമാണു സമരവേദി വിട്ടതെന്നു ട്വിറ്ററിലെഴുതി തര്‍ക്കത്തിനു പരിഹാരമുണ്ടാക്കാന്‍ കെജ്രിവാളും സമ്മതമറിയിച്ചു. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയായിരുന്നു ഹസാരെയുടെയും പ്രസംഗം.