അഹമ്മദാബാദ്: ഗുജറാത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‍സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപ തിരഞ്ഞെടുപ്പില്‍ മുഖമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി. ജെ. പി. വന്‍ വിജയം കരസ്ഥമാക്കി. സിറ്റിങ്ങ് സീറ്റുകള്‍ നഷ്ടമായതിലൂടെ കോണ്‍ഗ്രസ്സിനു കനത്ത തിരിച്ചടിയാണ് ഗുജറാത്തില്‍ സംഭവിച്ചത്. കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ച് ബി. ജെ. പി. യില്‍ ചേര്‍ന്ന വിത്താ റഡാഡിയും മകന്‍ ജയേഷുമാണ് പോര്‍ബന്ധര്‍, ബനസ്കന്ത എന്നീ ലോക്‍സഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ക്ക് തന്നെ ബി. ജെ. പി. സ്ഥാനാര്‍ഥികള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു.
2014-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബി. ജെ. പി. യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുവാന്‍ പരിശ്രമിക്കുന്ന നരേന്ദ്ര മോഡിക്ക് ഗുജറാത്തിലെ വിജയം കൂടുതല്‍ കരുത്ത് പകരുന്നതാണ്. തുടര്‍ച്ചയായി ഗുജറാത്തില്‍ വിജയം ആവര്‍ത്തിക്കുന്ന നരേന്ദ്ര മോഡിക്ക് ലഭിച്ച ഈ വിജയം മോഡി വിരുദ്ധ ക്യാമ്പുകള്‍ക്ക് നിരാശ പകര്‍ന്നിട്ടുണ്ട്. ലോൿസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് എല്‍. കെ. അഡ്വാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.