ന്യൂഡൽഹി : മുതിർന്ന നേതാവും രാജ്യ സഭാംഗവുമായ രാം ജെഠ്മലാനിയെ ബി. ജെ. പി. താൽക്കാലികമായി പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടി അദ്ധ്യക്ഷൻ നിതിൻ ഗഡ്കരിക്കെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയും തനിക്കെതിരെ നടപടി എടുക്കാൻ പാർട്ടി നേതൃത്വത്തെ വെല്ലു വിളിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
രാം ജെഠ്മലാനിയുടെ പരാമർശങ്ങൾ അച്ചടക്ക ലംഘനമാണ് എന്നും അവ കോൺഗ്രസിനെ സഹായിക്കുവാനേ ഉപകരിക്കൂ എന്നും ബി. ജെ. പി. വക്താവ് അറിയിച്ചു. ഗഡ്കരിക്ക് എതിരെ നിലപാടെടുത്ത പാർട്ടി നേതാക്കളായ ശത്രുഘ്നൻ സിൻഹയും യശ്വന്ത് സിൻഹയും പാർട്ടി നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ് എന്നാണ് സൂചന.
നാളെ വൈകീട്ട് നടക്കുന്ന പാർട്ടി പാർളമെന്ററി ബോർഡ് യോഗത്തിൽ ജെഠ്മലാനിയുടെ ഭാവി തീരുമാനിക്കപ്പെടും എന്ന് കരുതപ്പെടുന്നു. പാർട്ടിയിൽ നിന്നും സ്ഥിരമായി പുറത്താക്കാനാണ് സാദ്ധ്യത എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനം.