ലക്‍നൌ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ പ്രതിമകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയയായ മായാവതിക്ക് വന്‍ പരാജയം. അധികാരം ലഭിച്ചതോടെ ഒരു രാജ്ഞിയെപ്പോലെ ആഡംഭര ജീവിതം നയിക്കുകയും നാടൊട്ടുക്ക് തന്റേതുള്‍പ്പെടെ പാര്‍ട്ടി നേതാക്കളുടെയും പാര്‍ട്ടി ചിഹ്നമായ ആനയുടേയും
പ്രതിമകള്‍ സ്ഥാപിക്കുന്നതില്‍ വലിയ ഉത്സാഹം കാണിക്കുകയും ചെയ്തു മായാവതി. ഒരു വേള ജനം അവരെ പരിഹാസപൂര്‍വ്വം പ്രതിമകളുടെ രാജ്ഞിയെന്ന് വിശേഷിപ്പിച്ചിരുന്നു. കോടികള്‍ ധൂര്‍ത്തടിച്ചുകൊണ്ട് മായാവതി നടത്തിയ പ്രതിമാ നിര്‍മ്മാണത്തിനെതിരെ കോടതിയുടെ ഇടപെടലും ഉണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത് ജനത്തെ സ്വാധീനിക്കുവാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് നാടിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെട്ട ബി. എസ്. പി ചിഹ്നം കൂടെയായ ആന പ്രതിമകള്‍ മൂടി വെയ്ക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
ജ്യാതി വ്യവസ്ഥയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊടികുത്തി വാഴുന്ന ഉത്തര്‍പ്രദേശില്‍ വന്‍ പ്രതീക്ഷയോടെ ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം മായാവതിയെ വിജയിപ്പിച്ചത്. എന്നാല്‍ പിന്നോക്ക ക്കാരിയായിരുന്നിട്ടു കൂടി സാധാരണക്കാര്‍ക്ക് നേരെ കണ്ണടക്കുകയായിരുന്നു മായാവതി. ഒരു ഏകാധിപതിയേ പോലെ പെരുമാറിയ മായാവതി ജനങ്ങളില്‍ നിന്നും അകലുകയും തെറ്റായ പല നയങ്ങളും നടപ്പിലാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഉപജാപക വൃന്ദത്തിന്റേയും ഉദ്യോഗസ്ഥ വൃന്ദത്തിന്റേയും സ്വാധീനവും കുറവല്ലായിരുന്നു. ജനദ്രോഹപരവും ധൂര്‍ത്തും നിറഞ്ഞ മായാവതി ഭരണത്തിനു ജനം ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 206 സീറ്റു ലഭിച്ച ബി. എസ്. പി. ക്ക് ഇത്തവണ കേവലം 80 സീറ്റു മാത്രമാണ് ലഭിച്ചത്.