ബാംഗ്ലൂര്‍:അനധികൃത ഖനനക്കെസില്‍ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യദിയൂരപ്പക്കെതിരെ ലോകായുക്ത പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്. ഐ. ആര്‍ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി. വിശദീകരണം നല്‍കുവാന്‍ തനിക്ക് അവസരം നല്‍കാതെയാണ് തനിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന യദിയൂരപ്പയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഖനന വിവാദവുമായി ബന്ധപ്പെട്ട കേസിലെ എഫ്. ഐ. ആറില്‍ പേരു ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് യദിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. തനിക്ക് അനുകൂലമായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടുവാന്‍ സാധ്യതയുണ്ട്. ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥനത്ത് അധികാരത്തിലെത്തിയ ബി. ജെ. പിക്ക് ഖനന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കേണ്ടി വന്നത് രാഷ്ടീയമായി ഒത്തിരി ക്ഷീണം വരുത്തിവച്ചിരുന്നു