ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിന്റെ വഴിയിലെ ഏറ്റവും വലിയ തടസ്സം അഴിമതിയാണ് എന്നാല്‍ നിരാഹാര സമരം കൊണ്ടോ മരണം വരെയുള്ള ഉപവാസം കൊണ്ടോ ലോക്പാല്‍ നിയമം നടപ്പിലാക്കാനോ അതുവഴി അഴിമതി അവസാനിപ്പിക്കാനോ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാധാരണക്കാര്‍ക്കുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ പലതും ഉദ്യോഗസ്ഥരുടെ കീശയിലേയ്ക്കാണ് പോകുന്നത്. എന്നാല്‍ , ഈ അഴിമതി ഒരൊറ്റ നടപടി കൊണ്ട് ഇല്ലാതാക്കാനുള്ള മാന്ത്രികവടിയൊന്നും സര്‍ക്കാരിന്റെ പക്കലില്ല എന്നും. അഴിമതിക്കെതിരെ ബഹുമുഖമായ നടപടികളാണ് ആവശ്യം. അഴിമതി തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. അഴിമതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരു കാരണവശാലും രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കരുതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു . ഉന്നത സ്ഥാനങ്ങളിലെ അഴിമതി തടയാന്‍ സഹായിക്കുന്ന ശക്തമായ ഒരു ലോക്പാല്‍ നിയമമാണ് നമുക്ക് വേണ്ടത്. എന്നാല്‍ , ജുഡിഷ്യറിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയില്ല. അത് ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. നിലവിലുള്ള ലോക്പാല്‍ ബില്ലിനെ കുറിച്ച് പരാതിയുള്ളവര്‍ നിരാഹാര സമരം നടത്തുകയല്ല വേണ്ടത്. ബില്‍ അംഗീകരിക്കാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ എതിര്‍പ്പുള്ളവര്‍ അവരുടെ അഭിപ്രായങ്ങള്‍ പാര്‍ലമെന്റിലാണ് ഉന്നയിക്കേണ്ടതെന്നും – പ്രധാനമന്ത്രി പറഞ്ഞു. ഇത് തുടര്‍ച്ചയായ എട്ടാം തവണയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്. കനത്ത മഴയിലായിരുന്നു തലസ്ഥാനത്തെ സ്വാതന്ത്രദിനാഘോഷങ്ങള്‍ നടന്നത്.