ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി സ്ഫോടനത്തെ തുടര്‍ന്ന് രംഗത്ത് വന്ന ഈമെയില്‍ ഭീഷണികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. ഇവ വ്യാജമാണോ അതോ ഭീകരവാദികള്‍ അന്വേഷണത്തെ വഴി തെറ്റിക്കുവാന്‍ സ്വീകരിക്കുന്ന തന്ത്രമാണോ എന്നൊക്കെ സംശയങ്ങള്‍ നിലനില്‍ക്കുന്നു. നാല് ഈമെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഉള്ളത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ഒരു കോളേജ് വിദ്യാര്‍ഥി ഹര്‍ക്കത്ത് ഉല്‍ ജിഹാദ് ഇസ്ലാമിക്ക് വേണ്ടി അയച്ച ഈമെയില്‍ സന്ദേശത്തെ തുടര്‍ന്ന് ഇയാളെ പോലീസ് കാശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന് വേണ്ടി ചോട്ടു മിനാനി ആയുഷ്മാന്‍ എന്നയാള്‍ അയച്ചത് എന്ന് പറയപ്പെടുന്ന രണ്ടാമത്തെ ഈമെയില്‍ പശ്ചിമ ബംഗാളില്‍ നിന്നുമാണ് അയച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. അഹമ്മദാബാദ് ആക്രമിക്കപ്പെടും എന്ന ഭീഷണി മുഴക്കിയ മൂന്നാമത്തെ ഈമെയില്‍ മോസ്ക്കൊയില്‍ ഉള്ള ഒരു സെര്‍വര്‍ ഉപയോഗിച്ച് അയച്ചതാണെന്നും കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ചോട്ടു മിനാനി ആയുഷ്മാന്‍ അയച്ച നാലാമത്തെ ഈമെയിലും അഹമ്മദാബാദ് ആക്രമിക്കപ്പെടും എന്ന ഭീഷണി ആവര്‍ത്തിച്ചു.