കൊല്ലം: നോക്കുകൂലി വാങ്ങിയതിനു തൊഴിലാളികളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ തൊഴില്‍ വകുപ്പിനു പങ്കില്ലെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ആലപ്പുഴയില്‍ നടക്കുന്ന അന്താരാഷ്ട്ര കയര്‍ മേളയില്‍ പ്രദര്‍ശനത്തിനായി സ്റ്റാള്‍ ഒരുക്കാനെത്തിയവരില്‍ നിന്നും ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ നാലു തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആലപ്പുഴ സ്വദേശികളായ ഇല്ലിക്കല്‍ പുരയിടത്തില്‍ കബീര്‍, പാണാവള്ളി പുരയിടത്തില്‍ ഹാരിസ്, മുട്ടത്തിപ്പറമ്പില്‍ ശിവദാസ്, തൈക്കാവ് പുരയില്‍ വേണു എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
നോക്കുകൂലി വാങ്ങിയതിനു തൊഴിലാളികള്‍ക്കെതിരെ നിരവധി പരാതികള്‍ സംസ്ഥാനത്തുടനീളം ഉയരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം കേസില്‍ പ്രതികള്‍ റിമാന്റിലാകുന്നത്. പരസ്യമായി നോക്കുകൂലിയെ തള്ളിപ്പറയുമെങ്കിലും വിവിധ ട്രേഡ് യൂണിയനില്‍ പെട്ട തൊഴിലാളികള്‍ പൊതു ജനത്തെ കൊള്ളയടിക്കുന്നത് പരസ്യമായ രഹസ്യമാണ്. തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തതും പിന്നീട് കോടതി റിമാന്റ് ചെയ്തതതും സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. നോക്കുകൂലി വാങ്ങിയതിന്റെ പേരില്‍ പോലീസും കോടതിയും ഇടപെടുന്നത് ന്യായമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വ്യാഖ്യാനം. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്ന നോക്കുകൂലിയെന്ന പകല്‍ കൊള്ളയ്ക്കെതിരെ ഉണ്ടായ ഈ നടപടിയില്‍ പൊതുജനം സന്തോഷത്തിലാണ്. ഏതു വിധത്തിലും നോക്കുകൂലി നിര്‍ത്തണമെന്ന് വര്‍ഷങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുള്ള തൊഴിലാളി യൂണിയനുകളുടെ സംഘടിത ശക്തിക്കു മുമ്പില്‍ പലപ്പോഴും പൊതുജനം നിസ്സഹായരാകുകയാണ്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട കയറ്റിറക്ക് മേഘലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നോക്കുകൂലി ചൂഷണം നടക്കുന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തനം