സി. പി. എമ്മിലെ പ്രത്യയ ശാസ്ത്രപരമായ സംവാദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആഗോളീകരണം ശക്തി പ്രാപിക്കുകയും പഴയ ‘സോഷ്യലിസ്റ്റ്’ മാതൃകകള്‍ തകരുകയും ചെയ്ത കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒരു ചുവന്ന കൊടിയും ഒരു പരിധിവരെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന ‘പഴയ’ രാഷ്ട്രീയ തന്ത്രവും അംഗീകരിച്ച ലോകത്തിലെ അപൂര്‍വ്വം പാര്‍ട്ടികളിലൊന്നായി സി. പി. ഐ. എം നിലനിന്നു. (സി. പി. ഐ. കുറെയൊക്കെ വിട്ടുവീഴ്ച ചെയ്തു കൊണ്ട് ഒരു കൊടിയും നിലനിര്‍ത്തി). കമ്പോളത്തിന്റെ അധിനിവേശം പാര്‍ട്ടിയുടെ ആന്തരിക ഘടനയെ തന്നെ സാരമായി ബാധിക്കാന്‍ തുടങ്ങിയ വസ്തുത തിരിച്ചറിയാന്‍ ഏറെ വൈകി. സ്വകാര്യ ‘സ്വത്തില്ലാത്ത കാലം’ സമീപ ഭാവിലുണ്ടാകില്ല എന്ന് ‘ബോധ്യപ്പെട്ട’ നേതൃത്വത്തില്‍ ഒരു വിഭാഗം തീര്‍ത്തും വലതു പക്ഷമായി മാറി. അധിനിവേശങ്ങളെ പട്ടില്‍ പൊതിഞ്ഞ് ഇവിടെ അംഗീകരിപ്പിക്കുകയായിരുന്നു ഇവര്‍. ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പ, മൂലധനം, ഫണ്ട് തുടങ്ങിയവ സ്വീകാര്യമായി. ഏതു പ്രകൃതി വിഭവവും മൂലധനത്തിന് കീഴ്പ്പെടുത്തണമെന്ന മുതലാളിത്ത പ്രത്യയ ശാസ്ത്രം ഇവര്‍ക്കും സ്വീകാര്യമായി. നന്ദിഗ്രാം മുതല്‍ കിനാലൂര്‍ വരെ ഇതിന്റെ തെളിവാണ്.
അഴിമതി കമ്പോള വല്ക്കരണത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി പാര്‍ട്ടിക്കകത്ത് ശക്തമായ വിഭാഗീയത സൃഷ്ടിച്ചു കൊണ്ട് സ്വയം സംരക്ഷണം തേടാന്‍ ഒരു വിഭാഗത്തിനായി. പാര്‍ട്ടി അഴിമതിയുടെ പരസ്പരാശ്രയത്വമാണെന്ന് വന്നു. വന്‍ മാഫിയാ സംഘങ്ങള്‍ വരെ പാര്‍ട്ടിയുടെ ഭാഗമായി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് ഒഞ്ചിയത്തെ ടി. പി. ചന്ദ്രശേഖരന്‍ വധം.
രണ്ടു ജില്ലാ കമ്മറ്റികള്‍ക്ക് കീഴിലുള്ള നിരവധി ലോക്കല്‍ കമ്മറ്റികളിലെ സഖാക്കള്‍ ഒത്തുചേര്‍ന്നു നടത്തിയ ഒന്നാണിതെന്ന കാര്യം ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്. കോഴിക്കോട് ജില്ലയിലെ ഒരാളെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ആസൂത്രണത്തിന്റെ ഫലമായി വകവരുത്തി എങ്കില്‍ അതിന്റെ പിന്നില്‍ പാര്‍ട്ടിയിലെ ഉന്നതരുടെ പിന്തുണ ഉണ്ടെന്ന കാര്യം വ്യക്തം. മറ്റു വ്യക്തിപരമായ ഒരു കാരണവും ടി. പിയുടെ വധത്തിനു പിന്നിലുണ്ടെന്നു ആര്‍ക്കും പറയാനാവില്ല. ഒഞ്ചിയത്തും മറ്റു സമീപ പ്രദേശങ്ങളിലും സി. പി. എമ്മിനെ, അതിന്റെ ശക്തി കേന്ദ്രങ്ങളില്‍ വെല്ലുവിളിച്ച ടി. പിയ്ക്ക് മറ്റാരും ശത്രുക്കളില്ല. (ഈ കൊലപാതകത്തിനു പിന്നില്‍ വ്യക്തി താല്പര്യമാണ് എന്ന് ഡി. ജി. പി പറഞ്ഞുവെന്ന തര്‍ക്കം ഇപ്പോഴും നടക്കുന്നു) ഇതിനെ പറ്റി പാര്‍ട്ടി സുഹൃത്തുക്കള്‍ പറഞ്ഞ ഒരു തമാശയുണ്ട് ‘ഇതൊരു വ്യക്തി വിരോധം കൂടിയാണ്, കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പില്‍ സമുന്നതനായ ഒരു നേതാവിന്റെ സഹോദരി തോറ്റുപോയതിനു കാരണം ടി. പിയാണ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലം! ഈ തോല്‍വിക്കു ‘പകരം’ വീട്ടിയതെന്നതത്രേ ഒരു വാദം. അതെന്തായാലും ഈ സംഭവം സി. പി. എമ്മിന്റെ അടിത്തറക്കുമേല്‍ ശക്തമായ പ്രഹരമായെന്നു തീര്‍ച്ച .
ഇതൊക്കെയാണെങ്കിലും ഇന്നത്തെ ആഗോള ദേശീയ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ കക്ഷിയെ ദുര്‍ബലപ്പെടുത്തുന്നത് ശരിയോ എന്ന ചോദ്യം പലരും ആത്മാര്‍ത്ഥതമായി തന്നെ ഉന്നയിക്കുന്നുണ്ട്. പക്ഷെ ഇവിടെ നിരവധി പ്രശ്നങ്ങള്‍ നാം കാണാതിരുന്നു കൂടാ. നേതൃത്വം എന്ത് തെറ്റു ചെയ്താലും ‘ആഗോള ദേശീയ ഇടതു പക്ഷം’ സംരക്ഷിക്കപ്പെടണമെന്ന രീതിയില്‍ അംഗീകരിക്കുന്ന സമീപനം ശരിയോ? സോവിയറ്റ് – പൂര്‍വ്വ യൂറോപ്യന്‍ സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചക്കുള്ള പ്രധാന കാരണം സ്വയം വിമര്‍ശനത്തിനും തിരുത്തലിനും കഴിയാത്ത ഒരു സംഘടനാ ശൈലിയാണ് അവര്‍ക്കുണ്ടായിരുന്നത് എന്നല്ലേ! തീര്‍ത്തും ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്ക് ഇന്നുള്ള ‘ജനാധിപത്യ കേന്ദ്രീകരണം’ അനിവാര്യമാണോ? ഈ ഘടനയെ ഹൈജാക്ക് ചെയ്തു കൊണ്ട് നേതാവിന്റെ ഇഷ്ടങ്ങള്‍ക്ക് മാത്രമുള്ള പാര്‍ട്ടി നേതൃത്വം സൃഷ്ടിക്കപ്പെടുന്നത് ? സ്വതന്ത്ര വിമര്‍ശനത്തിനു ഇതില്‍ അവസരമില്ലാതാകുകയും പാര്‍ട്ടിഘടനാ നേതൃത്വം വ്യക്തികളാകുകയും ചെയ്തതോടെയല്ലേ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നത്? എം. എന്‍. വിജയന്‍ മാഷ് ചോദിച്ച പോലെ “പാര്‍ട്ടിയുടെ സെക്രെട്ടറിയോ, സെക്രെട്ടറിയുടെ പാര്‍ട്ടിയോ?”
-സി. ആര്‍ നീലകണ്ഠന്‍
(രണ്ടാം ഭാഗം തുടരും)
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം
പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആവശ്യകത കേരളത്തിന്റെ മാത്രം പ്രശ്നമല്ല. രാജ്യവും അതിനായി ഉറ്റുനോക്കുന്നു. ഇടതുപക്ഷം, വിശേഷിച്ച്, കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഉള്ളടക്കപരമായ പ്രതിസന്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, പാര്‍ട്ടി ഘടന, വിപ്ലവത്തിന്റെ സ്വരൂപം, മെതഡോളജി, വര്‍ഗ്ഗസമരം, തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം തുടങ്ങി സിദ്ധാന്തപരവും, പ്രായോഗികവുമായ പോരായ്മകളെപ്പറ്റി മാര്‍ക്സിസത്തിന്റെ ആരംഭകാലം മുതല്‍ കടുത്ത വിമര്‍ശനങ്ങള്‍ തത്വചിന്തകരുടെ ഭാഗത്തിനിന്ന് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സൊവിയറ്റ് യൂണിയന്റെ ആവിര്‍ഭാവത്തോടെ ആ വിമര്‍ശനങ്ങള്‍ കൂടുതല്‍ അര്‍ഥവത്താവുകയും, അവിടെ സ്റ്റാലിനിസം സ്വേച്ഛാധിപത്യം നടപ്പിലാക്കുകയും പോലിറ്റ് ബ്യൂറോയിലെ വരെ നേതാക്കളെ ശാരീരികമായി ഇല്ലായ്മ ചെയ്യുകയും ചെയ്തു. ( ചൈന അടക്കമുള്ള മിക്കവാറും എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇതേ സ്വേച്ഛാധിപത്യമാണ്, പാര്‍ട്ടി സ്വേച്ഛാധിപത്യമാണ് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ പേരില്‍ നടപ്പിലായതെന്നും ചരിത്രം സാക്ഷ്യം ) സ്റ്റാലിനിസം ആണ്, പാര്‍ട്ടി സ്വേച്ഛാധിപത്യമാണ് യധാര്‍ത്ഥ വിപ്ലവ പാത എന്ന് സീ പി എമ്മിനെ വിമര്‍ശിക്കുന്ന പല പ്യൂരിറ്റനിസ്റ്റുകളും ഇപ്പോഴും വിശ്വസിക്കുന്നുണ്ട് എന്നതാണ് മറ്റൊരു വിരോധാഭാസം. അതുകൊണ്ട് തികച്ചും പുതുതും ജനാധിപത്യ മര്യാദകള്‍ ഉള്ളതും അഹിംസാത്മകവുമായ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുകയാണ് ഇന്നത്തെ ആവശ്യം. ലാളിത്യവും ആദര്‍ശവുമാകണം അതിന്റെ മുഖ മുദ്ര..