കോയമ്പത്തൂര്‍: സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയും സരിത എസ്.നായരുടെ ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരില്‍ നിന്നും പിടികൂടി. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ കൊല്ലം ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റു ചെയ്തത്. സീരിയല്‍ നടി ശാലുമേനോനൊപ്പം കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ഉണ്ടായിരുന്ന ഇയാള്‍ സോളാര്‍ തട്ടിപ്പ് കേസില്‍ ഭാര്യ സരിത എസ്.നായര്‍ പോലീസ് പിടിയിലായതായി അറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. ബിജുവിനെ പിടികൂടുവാന്‍ അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. ഈ അഭിമുഖത്തില്‍ മുന്‍ മന്ത്രിയും നടനുമായ ഗണേശ് കുമാര്‍ എം.എല്‍.എയ്ക്ക് സരിതയുമായി ബന്ധമുണ്ടെന്നും ഇരുവരും ഹോട്ടലില്‍ കണ്ടുമുട്ടിയിരുന്നതായും ഈ ബന്ധമാണ് തന്റെ കുടുമ്പത്തിന്റേയും കമ്പനിയുടേയും തകര്‍ച്ചക്ക് കാരണമെന്ന് ആരോപിച്ചിരുന്നു.
ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയിട്ടും പോലീസിനു ബിജുവിനെ പിടികൂടുവാന്‍ ആയില്ലെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചിരുന്നു.അറസ്റ്റിലായ ബിജുവിനെ വൈകാതെ കേരളത്തിലെക്ക് കൊണ്ടുവരും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, വിവാദം