മലപ്പുറം: കോഴിക്കോട് സിസ്കോ യത്തീം ഖാനയിലെ പതിനേഴുകാരിയായ അന്തേവാസിയെ യു.എ.ഈ പൌരനായ ജാസിം മുഹമ്മദ് അബ്ദുല്‍ കരീമിനു വിവാഹം ചെയ്തു കൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറബിയുടെ മാതാവ് സുലൈഖ, സുലൈഖയുടെ രണ്ടാം ഭര്‍ത്താവ് , ഒരു ബന്ധു എന്നിവരാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് യത്തീം ഖാന അധികൃതര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
28 കാരനായ ജാസി മുഹമ്മദ് അബ്ദുള്‍ കരീം എന്ന യു.എ.ഈ പൌരനുമായുള്ള വിവാഹത്തിനു യത്തീംഖാനാ അധികൃതര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിവാഹശേഷം പെണ്‍കുട്ടിയുമായി പലയിടങ്ങളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിച്ച അറബി പെണ്‍കുട്ടിയെ ലൈംഗികമായി പലതവണ പീഡിപ്പിച്ചു. പിന്നീട് മൂന്നാഴ്ചക്ക് ശേഷം വിദേശത്തേക്ക് മടങ്ങി. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി തന്റെ പരാതിയില്‍ വ്യക്തമായി പറയുന്നുണ്ട്.
അറബി തിരിച്ചു പോയതോടെ പെണ്‍കുട്ടിയെ യത്തീം ഖാന അധികൃതര്‍ തിരിച്ചു കൊണ്ടു പോരുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മൊഴിചൊല്ലിയതായി അറബി ഇടനിലക്കാരന്‍ വഴി അറിയിക്കുകയായിരുന്നു. യത്തീം ഖാനയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുറം ലോകം അറബിക്കല്ല്യാണത്തിന്റെ വിവരങ്ങള്‍ അറിഞ്ഞത്. ഇന്ത്യന്‍ വിവാഹ നിയമപ്രകാരം 18 വയസ്സു പൂര്‍ത്തിയാകാതെ പെണ്‍കുട്ടികളുടെ വിവാഹം സാധുവല്ല. എന്നാല്‍ ഇടക്കാലത്ത് കേരളത്തില്‍ ഇറങ്ങിയ വിവാദ സര്‍ക്കുലറിന്റെ പിന്‍ബലത്തിലാണ് വിവാഹം റെജിസ്റ്റര്‍ ചെയ്തതെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. എന്നാല്‍ വരന്‍ അറബ് വംശജനും വിദേശിയുമാണെന്ന വിവരങ്ങള്‍ മറച്ചുവെച്ചാണ് വിവാഹം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹത്തിന്റെ മറവില്‍ അറബി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പരകടനം നടത്തി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, പോലീസ്, സ്ത്രീ