കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണെന്നും ലീഗിന് അപ്രിയമായതൊന്നും കേരളത്തില്‍ നടക്കില്ലെന്നും പൊതു യോഗത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറയണമെന്ന് എൻ. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പാര്‍ട്ടി വേദിയില്‍ പാര്‍ട്ടിയുടെ നേതാവ് പറയുന്നതും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രി പറയുന്നതും ഒരു പോലെ കാണാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണ് എന്ന് പറഞ്ഞ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് താനാണ് സാമ്രാജ്യമെന്ന് പ്രഖ്യാപിച്ച ലൂയി പതിനാലാമനെ പോലെയാണ് പെരുമാറുന്നതെന്ന് ഹിന്ദു ഐക്യവേദിയുടെ കേരള ഘടകം അധ്യക്ഷ കെ. പി. ശശികല ടീച്ചര്‍ പറഞ്ഞു. കേരളത്തില്‍ എല്ലാം തങ്ങളുടെ കീഴിലാണെന്ന അഹങ്കാരമാണ് ലീഗിനെന്നും ഇബ്രാഹിം കുഞ്ഞിനെ കൊണ്ട് ഇങ്ങനെ പറയിച്ചത് ഈ അഹങ്കാരം മൂലമാണെന്നും അവര്‍ പറഞ്ഞു. ലീഗിനെ ഇത്തരത്തില്‍ വളരുവാന്‍ വളം വെച്ചു കൊടുത്തത് കോണ്‍ഗ്രസ്സാണെന്നും ലീഗിന്റെ ഇത്തരം ധാര്‍ഷ്ട്യത്തിനെതിരെ ജനവികാരം ഉണരമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ആര്‍. ബാലകൃഷ്ണപിള്ള, സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ, എസ്. എൻ. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം