തൃശ്ശൂര്‍ : ഒരു ദിവസത്തെ എഴുന്നള്ളിപ്പില്‍ പങ്കെടുക്കുവാന്‍ 2,55,000 എന്ന റെക്കൊര്‍ഡ് ഏക്കത്തുകയുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ഗജവീരന്‍ ചരിത്രമാകുന്നു. നെന്മാറ വല്ലങ്ങി വേലയ്ക്ക് 2,22,222 എന്ന തുകയ്ക്ക് ഗുരുവായൂര്‍ പത്മനാഭനെ വല്ലങ്ങി ദേശക്കാര്‍ ഒരു ദിവസത്തേക്ക് ഏക്കം കൊണ്ടതായിരുന്നു നിലവിലെ റെക്കോര്‍ഡ്. ഇതിനെയാണ് ഇന്നലെ നടന്ന ലേലത്തില്‍ രാമചന്ദ്രന്‍ മറികടന്നത്. ജനുവരിയില്‍ നടക്കുന്ന ഏങ്ങണ്ടിയൂര്‍ മാമ്പിള്ളിക്കാവ് ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനാണ് ഇളയാല്‍ ഉത്സവകമ്മറ്റി ഇവനെ രണ്ടുലക്ഷത്തി അമ്പത്തയ്യായിരം രൂപയ്ക്ക് ലേലത്തിനെടുത്തത്. വാശിയേറിയ ലേലം വിളിയില്‍ തൃശ്ശൂരിലെ പ്രമുഖ ആന പാട്ടക്കാരനായ സ്വാമിയെന്നറിയപ്പെടുന്ന വെങ്കിടാദ്രിയും ഇളയാല്‍ ഉത്സവക്കമ്മറ്റിയും ആയിരുന്നു പ്രധാന പങ്കാളികള്‍. വിയ്യൂരില്‍ നിന്നും അന്തിക്കാട്ടു നിന്നും ഉള്ള ചില ഉത്സവക്കമ്മറ്റിക്കാരും പങ്കെടുത്തിരുന്നു എങ്കിലും തുക ഒന്നര ലക്ഷം കടന്നതോടെ അവര്‍ പിന്‍വാങ്ങി. രണ്ടര ലക്ഷം വരെ സ്വാമിയും ഒഴിവായി. അങ്ങിനെയാണ് ഇളയാല്‍ ഉത്സവക്കമ്മറ്റിക്ക് ആനയെ ലഭിച്ചത്.
തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെയാണ് തലയെടുപ്പിനൊപ്പം ഭംഗിയുമുള്ള ഈ കൊമ്പന്‍. കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ രാമചന്ദ്രന്‍ ഉത്സവപ്പറമ്പുകളിലെ സൂപ്പര്‍ സ്റ്റാറാണ്. മത്സരപ്പൂരങ്ങളില്‍ രാമചന്ദ്രനെ സ്വന്തമാക്കുവാനായി വാശിയേറിയ ലേലം വിളികള്‍ സാധാരണമാണ്. ഏകദേശം ഒന്നര ലക്ഷത്തിനടുത്ത തുകയ്ക്കാണ് കഴിഞ്ഞ വര്‍ഷം ഇവനെ ഒരു ക്ഷേത്രോത്സവത്തിനു ലേലം കൊണ്ടത്. കുനിശ്ശേരി സ്വദേശി മണിയാണ് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി രാമചന്ദ്രന്റെ ഒന്നാം പാപ്പാൻ.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ഉത്സവം
അനാവശ്യ ആര്‍ഭാടമാണിതൊക്കെ. ആന പാവം ജീവിയാണെന്ന് ഓര്‍ക്കുക.