കോഴിക്കോട്: മാലി ദ്വീപില്‍ എട്ടു മാസത്തിലേറെയായി തടവില്‍ കഴിഞ്ഞിരുന്ന മലയാളി അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ മൊകേരി ജയില്‍ മോചിതനായി ബാംഗ്ലൂരില്‍ എത്തി. മൈന ഉമൈബാൻ ഉള്‍പ്പെടെ ഉള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ ഇടപെടലാണ് ജയചന്ദ്രന്റെ മോചനത്തിലേക്ക് നയിച്ചത്. ധാരാളം പേരുടെ പരിശ്രമ ഫലമായിട്ടാണ് ജയചന്ദ്രന്റെ അവസ്ഥ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തുവാനും നടപടികള്‍ ഊര്‍ജ്ജിതമാക്കുവാനും ആയത്. ജയചന്ദ്രന്റെ മോചനത്തിനായി ഭാര്യ ജ്യോതി ഡെല്‍ഹിയില്‍ എത്തി നേതാക്കന്മാരെയും അധികാരികളെയും കണ്ടിരുന്നു.
ജയചന്ദ്രൻ മൊകേരി
ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് മുരളീധരന്‍ ഉള്‍പ്പെടെ വിവിധ രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ മോചനത്തിനായി ഇടപെട്ടിരുന്നു.
45 ദിവസത്തിലധികം വിദേശികളെ മാലി ദ്വീപിലെ ജയിലില്‍ വെക്കരുതെന്ന നിയമം അടുത്തിടെ കൊണ്ടു വന്നിരുന്നു. ഇതും മോചനത്തിനു ഗുണകരമായി. മാലി ദ്വീപിലെ കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനും തലശ്ശേരിക്കാരനുമായ പി. എ. സെയ്ദും മോചനത്തിനായും നാട്ടിലേക്ക് മടങ്ങുന്നതിനായും സഹായം നല്‍കി. ജയചന്ദ്രനായി ഹാജരായ അഭിഭാഷകന്റെ ഫീസായ ഒരു ലക്ഷം രൂപയുടെ ഗണ്യമായ ഒരു ഭാഗം മാലി ദ്വീപിലെ ഇന്ത്യന്‍ ക്ലബ് നല്‍കി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, പോലീസ് അതിക്രമം, പ്രവാസി, മനുഷ്യാവകാശം