കോഴിക്കോട്: അപ്രതീക്ഷിതമായി ടി. പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച വി. എസ്. അച്യുതാനന്ദന്റെ നടപടിയില്‍ സി. പി. എം നേതൃത്വത്തിനു അമ്പരപ്പ് മാറിയിട്ടില്ല. രാവിലെ കോഴിക്കോട് വെച്ച് സംസ്ഥാന സെക്രെട്ടറി പിണറായി വിജയന്‍, പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരുമായി വി. എസിനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ ഉണ്ടായ വി. എസിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനം പാര്‍ട്ടിയെ ഏറെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. കേസില്‍ സി. പി. എം. ആരോപണം നേരിടുന്ന സാഹചര്യത്തില്‍ വി. എസിന്റെ ഒഞ്ചിയം സന്ദര്‍ശനം സംസ്ഥാന നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന തീരുമാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ കാര്യത്തില്‍ സി. പി. എം. നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ സെക്രെട്ടറി കടകംപള്ളി സുരേന്ദ്രന്‍ മാത്രമാണ് ഈ സന്ദര്‍ശനത്തില്‍ അപാകതയൊന്നും ഇല്ലെന്നും ഇത് നെയ്യാറ്റിന്‍കരയില്‍ എല്‍. ഡി. എഫിന് ഗുണം ചെയ്യുമെന്നും പറഞ്ഞത്. എന്നാല്‍ എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. എന്നാല്‍ ടി. പി. ഒരു ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നതിന് തെളിവാണ്, വി. എസിന്റെ ഈ സന്ദര്‍ശനം എന്നും ഞങ്ങള്‍ക്കിത് വലിയ അംഗീകാരവും ഏറെ ആശ്വാസമും ആണെന്നും ടി. പിയുടെ ഭാര്യ കെ. കെ. രമ പറഞ്ഞു. വി. എസ്. ടി. പിയുടെ ഭാര്യ രമ, അമ്മ, മകന്‍ ഭാര്യാപിതാവ് കെ. കെ. മാധവന്‍ എന്നിവരുമായി ചര്‍ച്ച നടത്തി വി. എസ്. ടി. പിയുടെ ശവകുടീരത്തില്‍ ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ചു തുടര്‍ന്ന് ടി. പിയുടെ പണിതീരാത്ത വീട് കയറി കണ്ടു. ആയിരക്കണക്കിന് ആളുകളാണ് വി. എസ്. വരുന്നുണ്ടെന്ന് അറിഞ്ഞ് ഒഞ്ചിയത്ത് എത്തിയത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം