കെ.എം. മാണിക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി വി. ശിവന്‍ കുട്ടി എം.എല്‍.എ.

December 16th, 2014

km-mani-epathram

തിരുവനന്തപുരം: ധനകാര്യ മന്ത്രി കെ. എം. മാണിക്കും ടോം ജോസ് ഐ. എ. എസിനും എതിരെ നിയമ സഭയില്‍ രേഖാമൂലം അഴിമതി ആരോപണവുമായി വി. ശിവന്‍‌കുട്ടി എം. എല്‍. എ. പെട്രോള്‍ പമ്പ്, ക്വാറി‍, ബേക്കറി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പെട്ട വ്യവസായികളില്‍ നിന്നുമായി 27.43 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. നികുതി ഇളവ് നല്‍കിയാണ് കൈക്കൂലി വാങ്ങിയത്. നിയമ സഭാ സമിതി ഇക്കാര്യം അന്വേഷിക്കണമെന്ന് ശിവന്‍ കുട്ടി ആവശ്യപ്പെട്ടു. ഐ. എ. എസ്. ഉദ്യോഗസ്ഥനായ ടോം ജോസ് കണക്കില്‍ പെടാത്ത സ്വത്തുക്കള്‍ സമ്പാദിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും എം. എല്‍. എ. ആരോപിച്ചു.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയരുകയും കോടതി നടപടികള്‍ നിലനില്‍ക്കുകയും ചെയ്തതിനു പുറകെയാണ് കെ. എം. മാണിക്കെതിരെ പുതിയ ആരോപണം വരുന്നത്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് അഞ്ചു കോടി കൈക്കൂലി ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി നല്‍കിയെന്നുമുള്ള വിവരം ബാറുടമയാണ് പുറത്ത് വിട്ടത്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സിന് കേസെടുക്കാനാകുമെന്ന് റിപ്പോര്‍ട്ട് വരികയും ചെയ്തു.

മാണി സാര്‍ സേഫാണെന്ന് മാണിയുടെ വീട്ടില്‍ എസ്കോര്‍ട്ടില്ലാതെ നേരിട്ടെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രസ്ഥാവന വിവാദമായിരുന്നു. ആഭ്യന്തര മന്ത്രി മാണിയെ രക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ഗണേശിന്റെ അഴിമതി ആരോപണം അവ്യക്തമെന്ന് മുഖ്യമന്ത്രി; അന്വേഷണം വേണമെന്ന് പ്രതിപക്ഷം

December 10th, 2014

chief-minister-oommen-chandi-ePathram

തിരുവനന്തപുരം: പൊതു മരാമത്ത് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ നടത്തുന്ന കോടികളുടെ അഴിമതിയെ കുറിച്ച് മുന്‍ മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ എം. എല്‍. എ. നിയമ സഭയില്‍ ഉന്നയിച്ച ആരോപണത്തിന് വ്യക്തത ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതു മരാമത്ത് വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് ഭരണ കക്ഷി എം. എല്‍. എ. ആയ ഗണേശ് കുമാര്‍ കഴിഞ്ഞ ദിവസം സഭയില്‍ ആരോപണം ഉന്നയിച്ചത്. പൊതു മരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടി. ഒ. സൂരജ് അനധികൃത സ്വത്ത് സമ്പാദന ക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ്.

കെ. ബി. ഗണേശ് കുമാര്‍ ഉന്നയിച്ച ആരോപണം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി. എസ്. സുനില്‍ കുമാര്‍ എം. എല്‍. എ. നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായാണ് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പിനു ക്ലീന്‍ ചിറ്റ് നല്‍കിയത്. ഗണേശ് കുമാര്‍ ആരോപണം ഉന്നയിച്ചത് ചട്ട വിരുദ്ധമായാണെന്നും അതിനാല്‍ ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി ചൂണ്ടിക്കാട്ടി കെ. ബി. ഗണേശ് കുമാര്‍ നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടും അന്വേഷണം നടത്തുവാന്‍ തയ്യാറായില്ലെന്നും നിയമം ഉമ്മന്‍ ചാണ്ടിയുടെ വഴിക്കാണെന്ന് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയ വി. എസ്. സുനില്‍ കുമാര്‍ ആരോപിച്ചു. അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളമുണ്ടാക്കി. തുടര്‍ന്ന് സഭയുടെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു

December 4th, 2014

justice-vr-krishnaiyer-epathram

കൊച്ചി: മുന്‍ സുപ്രീം കോടതി ജസ്റ്റിസും മുന്‍ മന്ത്രിയുമായ പത്മഭൂഷണ്‍ വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് നവംബര്‍ 24 ന് ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം മോശമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വൈകുന്നേരം ആറുമണിയോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് എറണാകുളത്തെ വ്തിയായ സദ്‌ഗമയിലേക്ക് കൊണ്ടു പോകും.ഭാര്യ പരേതയായ ശാരദാംബാള്‍. രമേശ്, പരമേശ് എന്നിവര്‍ മക്കളാണ്.

നിയമഞ്ജന്‍, മന്ത്രി, സാമൂഹ്യ-മനുഷ്യാവകാശപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ കൃഷ്ണയ്യരുടെ അഭിപ്രായങ്ങളും നിലപാടുകളും എന്നും വേറിട്ടു നിന്നിരുന്നു. സാദാരണക്കാര്‍ക്ക് നീതിലഭിക്കണമെന്ന കൃഷ്ണയ്യരുടെ നിലപാട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പല പുതിയ മാറ്റങ്ങള്‍ക്കും വഴിയൊരുക്കി. നിര്‍ണ്ണായകമായ പല വിധികളും അദ്ദേഹം ജഡ്ജിയായിരിക്കെ പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ 15 നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.

1915 നവംബര്‍ 15 നു പാലക്കാട് വൈദ്യനാഥപുര വി.വി.രാമയ്യരുടേയും നാരായണി അമ്മാളുടേയും മകനായാണ് കൃഷ്ണയ്യര്‍ ജനിച്ചത്. അഭിഭാഷകനായ പിതാവിന്റെ പാത പിന്തുടര്‍ന്ന കൃഷ്ണയ്യര്‍ നിയമത്തിന്റെ ലോകത്തെത്തി. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1930 കളില്‍ മലബാര്‍ കുടക് കോടതി കളില്‍ അഭിഭാഷകനായി. 1948-ല്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. 1968-ല്‍ ഹൈക്കോടതി ജഡ്ജിയായി. 1970-ല്‍ ലോ കമ്മീഷന്‍ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീം കോടതിയില്‍ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. സാധാരണക്കാരുടേയും, സ്ത്രീകളുടേയും, തൊഴിലാളികളുടേയും അവകാശ സംരക്ഷണത്തിനായി കീഴ്‌വഴക്കങ്ങളെ മാറ്റിമറിച്ച പല വിധിന്യായങ്ങളും അദ്ദേഹത്തില്‍ നിന്നും ഉണ്ടായി. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസില്‍ കൃഷ്ണയ്യര്‍ നടത്തിയ വിധി പ്രസ്താവം ചരിത്രത്തിന്റെ ഭാഗമായി. തീഹാര്‍ ജയിലിലെ തടവുകാരന്‍ അയച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ക്ക് ഉത്തരവിട്ട സുനില്‍ ബാത്ര കേസ് തടവുകാരുടെ മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലോക ശ്രദ്ധ പിടിച്ചുപറ്റി.

1952-ല്‍ മദ്രാസ് നിയമസഭയിലും 1957-ല്‍ കേരളത്തിലെ നിയംസഭയിലും വി.ആര്‍.കൃഷ്ണയ്യര്‍ അംഗമായി. ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 65-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. അതോടെ സജീവ രാഷ്ടീയം ഉപേക്ഷിച്ചു.

‘വാണ്ടറിങ്ങ് ഇന്‍ മെനി വേള്‍ഡ്സ്‘ ആണ് ആത്മകഥ. ‘ലൈഫ് ആഫ്റ്റര്‍ ഡെത്ത്’ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങളും നൂറുകണക്കിനു ലേഖനങ്ങളും കൃഷ്ണയ്യര്‍ എഴുതിയിട്ടുണ്ട്. 1999-ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്, സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, ശ്രീ ജഹാംഗീര്‍ ഗാന്ധി മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തെടിയെത്തിയിട്ടുണ്ട്.1995-ല്‍ ലിവിംഗ് ലജന്‍ഡ് ഓഫ് ലാ എന്ന ബഹുമതി നല്‍കി ഇന്റര്‍നാഷണല്‍ ബാര്‍ കൌണ്‍സില്‍ അദ്ദേഹത്തെ ആദരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , , , , , ,

1 അഭിപ്രായം »

മലപ്പുറത്ത് കുരങ്ങുപനി

December 1st, 2014

മലപ്പുറം: ആയിരക്കണക്കിനു താറാവുകളെ കൊന്നൊടുക്കിക്കൊണ്ട് പക്ഷിപ്പനിയുടെ ഭീതി പടരുന്നതിനിടയില്‍ സംസ്ഥാനത്ത് കുരങ്ങു പനിയും സ്ഥിതീകരിച്ചു. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കുരുളായി വനത്തിലാണ് കുരങ്ങുപനിയെ തുടര്‍ന്ന് കുരങ്ങുകള്‍ ചാകുവാന്‍ തുടങ്ങിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

കുരങ്ങുപനി മനുഷ്യരിലേക്കും പടരുന്നതാണ്. മാഞ്ചീരി നാഗമലയിലെ കോളനിയില്‍ താമസിക്കുന്ന അറുപത്തൊന്നുകാരന് കുരങ്ങുപനിയാണെന്ന് മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ സ്ഥിതീകരിച്ചിട്ടുണ്ട്. നിലമ്പൂരിലെ ഉള്‍ക്കാടുകളില്‍ ഉള്ള മാഞ്ചീരി കോളനിയില്‍ 184 പേരാണ് ഉള്ളത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി ഡി.എം.ഓയുടെ നേതൃത്തില്‍ സ്ഥലത്തെത്തി പ്രതിരോധ വാക്സിനുകള്‍ നല്‍കിയിരുന്നു. കോളനിയില്‍ ചിലര്‍ക്ക് പനി ബാധയുണ്ടെങ്കിലും കുരങ്ങുപനിയാണോ എന്ന് സ്ഥിതീകരിച്ചിട്ടില്ല.

1955-ല്‍ കര്‍ണാടകയിലെ ഷിമോഗയ്ക്ക് അടുത്തുള്ള കൈസാനൂര്‍ വനമേഘലയിലാണ് ലോകത്ത് ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൈസാനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്ന പേരും ഇതിനുലഭിച്ചു. കുരങ്ങുകളുടെ ശരീരത്തിലെ ചെള്ളുകള്‍ വഴിയാണ് രോഗം പകരുന്നത്. ചെള്ളിന്റെ കടിയേറ്റാല്‍ കുരങ്ങിനും മനുഷ്യനും രോഗം പകരും. മറ്റു മൃഗങ്ങള്‍ക്ക് ഇത് പകരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാനിടയുള്ളതാണ് കുരങ്ങുപനി. ഇതിനു പ്രതിരോധ വാക്സിനുകള്‍ ലഭ്യമാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോഴിക്കോട് കടപ്പുറത്ത് സ്ത്രീകളുടെ രാത്രിനടപ്പ്

December 1st, 2014

കോഴിക്കോട്: രാത്രി സ്ത്രീകളുടേതു കൂടെ ആണെന്നും സ്വാതന്ത്ര്യത്തോടെ നടക്കുവാന്‍ അവകാശമുണ്ടെന്നും പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള സ്ത്രീകള്‍ കോഴിക്കോട് കടപ്പുറത്ത് ഒത്തു ചേരുന്നു. ‘ഇരുട്ടു നുണയാമെടികളെ’ എന്ന പേരില്‍ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പാട്ടും കവിതകളും ചൊല്ലിക്കൊണ്ട് അവര്‍ കോഴിക്കോടിന്റെ തെരുവും കടപ്പുറവും സ്വാതന്ത്ര്യ പ്രഖ്യാപനം വേദിയാക്കും. സ്ത്രീകള്‍ രാത്രി പുറത്തിറങ്ങരുതെന്ന പൊതു സമൂഹത്തിന്റെ മനോഭാവത്തിനും മതവിഭാഗങ്ങളുടെ വിലക്കിനും എതിരായിട്ടാണ് ഈ കൂട്ടായ്മ പരിപാടി സംഘടിപ്പിക്കുന്നത്. സദാചാരപോലീസിനെതിരെ നടന്ന ചുമ്പന സമരത്തിനു ശേഷം നടക്കുന്ന ‘ഇരുട്ടു നുണയാമെടികളെ’ കൂട്ടായ്മക്ക് വന്‍ പിന്തുണയാണ്‍` ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓണ്‍ലൈനിലും ഈ വ്യത്യസ്ഥമായ കൂട്ടായ്മ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയോട് ആരു പറഞ്ഞു നിന്നോട് രാത്രി പുറത്തിറങ്ങുവാന്‍ എന്നു ചോദിക്കുന്നവരോട് ‘ഞാനാണ് എന്റെ ഉടമ ഞാന്‍ മാത്രമാണ് എന്റെ ഉടമ’ എന്ന് ഉറക്കെ പറയുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് സംഘാടകരുടേതെന്ന കുറിപ്പില്‍ പറയുന്നുണ്ട്.

ഈ മാസം 7നു കോഴിക്കോട് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ‘കിസ് ഇന്‍ ദി സ്ട്രീറ്റ്’ എന്ന പരിപാറ്റിക്ക് മുന്നോടിയാണ്‍` ഈ പരിപാടി. ഡൌണ്‍‌ടൌണ്‍ ഹോട്ടലിനു നേരെ ഉണ്ടായ സംഘപരിവാര്‍ ആക്രമണത്തിനു ശേഷം എറണാകുളത്ത് നടന്ന കിസ് ഓഫ് ലൌ എന്ന പരിപാടി ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ന് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം
Next »Next Page » മലപ്പുറത്ത് കുരങ്ങുപനി »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine