തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ തൊണ്ണൂറാം പിറന്നാളിനു പാര്‍ട്ടി നേതാക്കന്മാരുടെ അവഗണന. മന്ത്രി കെ.എം.മാണിയും, ബി.ജെ.പി നേതാക്കളും നവതിയാഘോഷിക്കുന്ന വി.എസിനു ആശംസ നേരാന്‍ എത്തിയപ്പോള്‍ സി.പി.എം നേതാക്കന്മാര്‍ ആരും എത്തിയില്ല. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണിയും, കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, കെ.സി.വേണുഗോപാല്‍ തുടങ്ങിയവരും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.പി.മോഹനന്‍, പി.കെ.അബ്ദുറബ്ബ് തുടങ്ങി ഭരണ പക്ഷത്തെ പ്രമുഖര്‍ വി.എസിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സി.പി.ഐ നേതാവ് സി.ദിവാകരന്‍, ആര്‍.എസ്.പി നേതാവ് ചന്ദ്രചൂഢന്‍, ഐ.ജി ഋഷിരാജ് സിങ്ങ് തുടങ്ങിയവര്‍ നേരിട്ടെത്തി പിറന്നാള്‍ ആശംസ നേര്‍ന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും, സീതാറാം യച്ചൂരിയും, കോടിയേരിയും ടെലിഫോണിലൂടെ ആശംസ നേര്‍ന്നു. ബി.ജെ.പിയുടെ ദേശീയ നേതാവായ ഒ.രാജഗോപാല്‍, സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് രാവിലെ തന്നെ എത്തി.
പതിനൊന്നു മണിയോടെ കേക്ക് മുറിച്ചുകൊണ്ടായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. ഉച്ചക്ക് സദ്യയും ഉണ്ടായിരുന്നു. സഹോദരി ആയിക്കുട്ടിയും ഇത്തവണ വി.എസിന്റെ പിറന്നാള്‍ ആഘോഷിക്കുവാന്‍ ആലപ്പുഴയില്‍ നിന്നും എത്തിയിരുന്നു. വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന സുരേഷിന്റെ ഭാര്യയും കുട്ടികളും എത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ആശംസകളുമായി എത്തിയെങ്കിലും നേതാക്കന്മാര്‍ ഒന്നടങ്കം വിട്ടു നിന്നത് ശ്രദ്ധിക്കപ്പെട്ടു.കഴിഞ്ഞ ദിവസം ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വി.എസ്. നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിച്ചതായാണ് സൂചന.