തിരുവനന്തപുരം : അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം കൊച്ചിയിൽ ഇറങ്ങാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയതിന് എതിരെ പ്രതിഷേധിച്ച യാത്രക്കാരെ അറസ്റ്റ് ചെയ്യാൻ നീക്കം. വിമാനത്തിന്റെ പൈലറ്റ് യാത്രക്കാരിൽ ചിലർ കോക്ക്പിറ്റിൽ അതിക്രമിച്ചു കയറി വിമാനം റാഞ്ചാൻ ശ്രമിച്ചു എന്ന് പരാതി നൽകിയതിനെ തുടർന്നാണ് വിമാനം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാർക്ക് എതിരെ നിയമ നടപടികൾക്ക് ഒരുങ്ങിയത്. എന്നാൽ നേരത്തെ വിമാനം കൊച്ചിയിലേക്ക് കൊണ്ടു പോവാം എന്നായിരുന്നു യാത്രക്കാരെ അറിയിച്ചിരുന്നത്. 10:45ന് കൊച്ചിയിലേക്ക് തിരിക്കും എന്ന് വിമാനത്തിൽ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് അധികൃതർ വിമാനത്തിന് ഇന്ധനം നൽകുന്നില്ല എന്നും തങ്ങൾ കൊച്ചിയിലേക്ക് പറക്കാൻ തയ്യാറാണ് എന്നും പൈലറ്റ് തന്നെ അറിയിച്ചു എന്ന് യാത്രക്കാർ പറഞ്ഞു.
എന്നാൽ ഡി.ജി.പി. യുടെ നേതൃത്വത്തിൽ വിമാനത്തിനടുത്ത് എത്തിയ പോലീസ് സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയ്ക്കിടയിലാണ് സംഭവങ്ങൾ നാടകീയമായി ഗതി മാറിയത്. യാത്രക്കാർ കോക്ക്പിറ്റിൽ അതിക്രമിച്ചു കയറി എന്നും വിമാനം റാഞ്ചാൻ ശ്രമം നടന്നു എന്ന് പൈലറ്റ് അടിയന്തിര സന്ദേശം നൽകി എന്നും അതിനാൽ യാത്രക്കാർക്ക് എതിരെ കേസെടുക്കേണ്ടി വരും എന്ന് പോലീസ് അറിയിച്ചു. പ്രതിഷേധത്തിന്റെ മുന ഒടിക്കാനുള്ള ഗൂഢാലോചനയുടെ ഫലമായാണ് ഈ തന്ത്രം എന്നാണ് യാത്രക്കാരുടെ ആരോപണം.
തങ്ങൾ ആരും കോക്ക്പിറ്റിൽ കയറിയിട്ടില്ല എന്ന് യാത്രക്കാർ വ്യക്തമാക്കി. എന്നാൽ ഈ പരാതിയുടെ പേരിൽ തങ്ങളിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് നീക്കമെങ്കിൽ തങ്ങൾ എല്ലാവരും കോക്ക്പിറ്റിൽ കയറി എന്ന് ഒറ്റക്കെട്ടായി പറയും എന്നും യാത്രക്കാർ അറിയിച്ചു.
പ്രവാസികളെ അമിത നിരക്കുകൾ ഈടാക്കിയും വിമാനങ്ങൾ റദ്ദ് ചെയ്തു ബുദ്ധിമുട്ടിൽ ആക്കിയും പീഢിപ്പിക്കുന്ന എയർ ഇന്ത്യയുടെ ജനദ്രോഹ നടപടികളുടെ പട്ടികയിൽ മറ്റൊരു നിന്ദനീയമായ സംഭവം കൂടി രേഖപ്പെടുത്തപ്പെടുമ്പോൾ എയർ ഇന്ത്യയെ ഇത്തരം ആരോപണങ്ങളുടെ പേരിൽ ക്രൂശിച്ച് സ്വകാര്യ വിമാന കമ്പനികളെ സഹായിക്കാനുള്ള സംഘടിത ലോബികളുടെ ഗൂഢ ഉദ്ദേശമാണ് സഫലമാകുന്നത്.