ഇടുക്കി: രാഷ്ടീയ പ്രതിയോഗികളെ ലിസ്റ്റു തയ്യാറാക്കി കൊലപ്പെടുത്തിയതു സംബന്ധിച്ച് വിവാദ പ്രസംഗം നടത്തിയ മുന്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി. രാവിലെ പത്തുമണിയോടെ തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ സി.പി.എം ജില്ലാ സെക്രട്ടറിയും എം.എല്‍.എയുമായ കെ.കെ. ജയചന്ദ്രനോടൊപ്പമാണ് മണി എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്യുവാനും പോലീസിനു ആലോചനയുണ്ടായിരുന്നു.
പോലീസ് ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ട് രണ്ടു തവണ നോട്ടീസ അയച്ചിട്ടും ഹാജരായിരുന്നില്ല. ഏതാനും ദിവസങ്ങളായി എം.എം. മണി ഓളില്‍ ആയിരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മണി ഒളിവില്‍ പോയിട്ടില്ലെന്നും തല്‍ക്കാലത്തേക്ക് മാറി നിന്നതാകാം എന്നുമാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങളോട് പറഞ്ഞത്. പ്രസംഗത്തെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണിയോട് അന്വേഷണ സംഘം ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഒഴിവാക്കുവാനായി മണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി മണിയുടെ ആവശ്യം അംഗീകരിച്ചില്ല. മണിയുടെ വിവാദ പ്രസംഗത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മണി സുപ്രീം കോടതിയെ സമീപിക്കുവാന്‍ ഉള്ള ആലോചനയില്‍ ആയിരുന്നു. അതിനിടയിലാണ് സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായത്.
മണിയുടെ പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങളില്‍ വരെ ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലും മണിയെ വിമര്‍ശിച്ചിരുന്നു.