പൊൻകുന്നം വർക്കി എന്ന മലയാളത്തിന്റെ സ്വന്തം കഥാകാരന്‍ നമ്മെ വിട്ടുപോയിട്ട് എട്ടു വര്ഷം തികയുന്നു (ജൂലൈ 1, 1911 – ജൂലൈ 2, 2004) മലയാള സാഹിത്യത്തിൽ പുരോഹിതവർഗ്ഗത്തിന്റെയും അധികാരപ്രഭുക്കളുടെയും കൊള്ളരുതായ്മകൾക്കെതിരെ രോഷത്തിന്റെ വിത്തുപാകിതയായിരുന്നു വർക്കിയുടെ രചനകൾ. ജീവിതാവസാനം വരെ താൻ ഉയർത്തിപ്പിടിച്ച വിശ്വാസങ്ങളിൽ അദ്ദേഹം ഉറച്ചുനിന്നു. ജീവിതത്തിന്റെ മധ്യാഹ്നംവരെയേ എഴുതിയുള്ളെങ്കിലും വർക്കി മലയാള സാഹിത്യത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതാണ്.
‘തിരുമുൽക്കാഴ്ച’ എന്ന ഗദ്യകവിതയുമായാണ് വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്. 1939-ലായിരുന്നു ഇത്. പ്രഥമകൃതിക്കുതന്നെ മദ്രാസ് സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു. ശബ്ദിക്കുന്ന കലപ്പ എന്ന പ്രശസ്തമായ കഥയും ഇദ്ദേഹത്തിന്റെതാണ്. രോഷത്തിന്റെ കനലുകൾവിതച്ച രചനകള്‍ പലരേയും പൊള്ളിച്ചു. കഥകൾ മതമേലധ്യക്ഷന്മാരെയും അധികാരവർഗ്ഗത്തെയും വിളറിപിടിപ്പിച്ചു. കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. തിരുവതാംകൂർ ദിവാൻ ഭരണത്തെ എതിർത്തതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകൾക്ക് കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക് സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എക്സിക്യുട്ടീവ് അംഗം എന്നീനിലകളിലും പ്രവർത്തിച്ചു. താൻ തുടങ്ങിവച്ച പുരോഗമന സാഹിത്യ സംരംഭങ്ങൾക്ക് അദ്ദേഹം ജീവിതാവസാനംവരെ ഊർജ്ജം പകർന്നു. 2004 ജൂലൈ 2-ന് പാമ്പാടിയിലുള്ള വസതിയിൽ വച്ചാണ് പൊന്‍കുന്നം വര്‍ക്കി മരണമടഞ്ഞത്.