കോഴിക്കോട്: ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ പിടിയിലായ രജീഷില്‍ നിന്നും നിര്‍ണ്ണായക മൊഴി. വധിച്ചതു സി. പി. എം. നിര്‍ദേശപ്രകാരമെന്ന് അറസ്‌റ്റിലായ ടി. കെ. രജീഷ് മൊഴി നല്‍കി. പാര്‍ട്ടി നിര്‍ദേശിച്ചതിനാല്‍ പ്രതിഫലം പോലും വാങ്ങാതെയാണു കൊലപാതകത്തിനു നേതൃത്വം നല്‍കാന്‍ എത്തിയതെന്നും രജീഷ് മൊഴിനല്‍കി. പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ നല്‍കിയ ഈ മൊഴി, വധത്തില്‍ പാര്‍ട്ടിക്കുള്ള ബന്ധം വെളിപ്പെടുത്തും.
കൃത്യം നിര്‍വഹിക്കാന്‍ തന്നെ വിളിച്ചതു പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞനന്തനായിരുന്നു. എന്നാല്‍ കൊലപാതകം ആസൂത്രണം ചെയ്തത് താനല്ല എന്നും കൊടി സുനി, കിര്‍മാണി മനോജ്, അനൂപ് എന്നിവരും കുഞ്ഞനന്തനുമാണ് കൊലപാതകം ആസൂത്രണം ചെയ്‌തത് എന്നും രജീഷ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലയളവിലടക്കം നാലു തവണ ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നു. കൊടി സുനി, കിര്‍മാണി മനോജ്, കെ.സി. രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ആ പദ്ധതി വിജയിച്ചില്ല. തുടര്‍ന്ന് ആയുധങ്ങള്‍ തലശേരി ഏരിയാ കമ്മിറ്റിയംഗം പി. പി. രാമകൃഷ്‌ണനെ ഏല്‍പ്പിച്ചു. രജീഷിന്റെ ഈ മൊഴി നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യം പോലിസ് വെളിപ്പെടുത്തിയില്ല