തൃശൂര്‍: മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായരുടെയും സക്കറിയയുടെയും മുന്‍കൈയില്‍ രാഷ്ട്രീയത്തിലെ അക്രമണപ്രവണതക്കെതിരെ സാംസ്കാരിക കൂട്ടായ്മക്ക് രൂപം കൊടുക്കുന്നു. ഈ മാസം ഒമ്പതിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബി.ആര്‍.പി.ഭാസ്കര്‍, സാറാ ജോസഫ്, ആറ്റൂര്‍ രവിവര്‍മ എന്നിവരുമുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി നടത്താനുദ്ദേശിക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാണ് കൂട്ടായ്മ. ചന്ദ്രശേഖരന്‍ വധം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളീയ സാമൂഹം കക്ഷിരാഷ്ട്രീയത്തിന്നതീതമായി ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എതിരാളികളെ നേരിടാനും നശിപ്പിക്കാനും മറ്റും രാഷ്ട്രീയപാര്‍ട്ടികള്‍ പരിശീലിപ്പിച്ച് സജ്ജരാക്കിയവരെ വ്യാപകമായി ഉപയോഗിക്കുന്നതാണ് സമൂഹത്തില്‍ ക്വട്ടേഷന്‍ സംസ്കാരം സൃഷ്ടിച്ചത്. ഇത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി. ചന്ദ്രശേഖരന്‍വധം ഇതിന്‍െറ ഭീകരപ്രതിഫലനമാണ്. തങ്ങളുടെ രാഷ്ട്രീയസംഘടനാശൈലിയുടെ ഭാഗമായി സി.പി.എം ആസൂത്രിത ആക്രമണങ്ങള്‍ നടത്തുന്നു. പ്രത്യയശാസ്ത്ര പരിവേഷമുള്ളതുകൊണ്ട് ഇതിന് ഭീഷണസ്വഭാവം കൈവന്നു. ആര്‍.എസ്.എസ്-ബി.ജെ.പി, എന്‍.ഡി.എഫ് പോലുള്ള മതമൗലികവാദ സംഘടനകളും ഇതേ ഫാഷിസ്റ്റ് ശൈലിയാണ് അവലംബിക്കുന്നത്.
കോണ്‍ഗ്രസും, ലീഗും ആക്രമണങ്ങളെ നേരിടാന്‍ ആസൂത്രിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.മൊത്തത്തില്‍ അക്രമരാഷ്ട്രീയം നമ്മുടെ സാമൂഹിക ജീവിതത്തെ സാര്‍വത്രികമായി ഗ്രസിച്ച മാറാരോഗമായി -പ്രസ്താവനയില്‍ പറയുന്നു. അക്രമരാഷ്ട്രീയം തടയുന്നതിനും സമാധാനജീവിതം ഉറപ്പുവരുത്താനും ഉതകുന്ന പ്രായോഗികനിര്‍ദേശങ്ങള്‍ സമ്മേളനം മുന്നോട്ടുവെക്കും. ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയസംഘടനകളും തങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സുതാര്യമാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്യും.