തൃശ്ശൂര്‍: മാളയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ക്ലാസില്‍ മലയാളം സംസാരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് ആയിരം രൂപ വീതം പിഴയിട്ടു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് ശിക്ഷണ നടപടിക്ക് വിധേയരാക്കിയത്. വ്യാഴാഴ്ചയ്ക്ക് മുമ്പ് പിഴയടക്കുവാനായിരുന്നു സ്കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം. എന്നാല്‍ രണ്ടു വിദ്യാര്‍ഥികള്‍ മാത്രമേ പിഴയടക്കുവാന്‍ തയ്യാറായുള്ളൂ. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കി. ഇത്രയും വലിയ തുക പിഴ ഈടാക്കുന്നതിനെതിരെ രക്ഷിതാക്കളും രംഗത്തെത്തി. ഒരു വിദ്യാര്‍ഥിക്ക് ആയിരം രൂപ വെച്ച് പിഴ ഈടാക്കിയാല്‍ ഒരു ലക്ഷത്തിലധികം രൂപ പിഴയിനത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് ലഭിക്കും എന്ന് കണക്കാക്കപ്പെടുന്നു.