കോട്ടയം: ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി (91) വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു. രാവിലെ ആറരയോടെ കുറുപ്പന്തറയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ഏഴുമണിയോടെ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
1921 ഫെബ്രുവരി 2 ന് മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയുടേയും ആര്യാ അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ച അദ്ദേഹം ചെറുപ്പം മുതലേ ആധ്യാത്മിക വിഷയങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എട്ടാം വയസ്സില്‍ ഉപനയനവും പതിനാലാം വയസ്സില്‍ സമാവര്‍ത്തനവും നടന്നു. പതിനഞ്ചാം വയസ്സില്‍ പട്ടമന വാസുദേവന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ സംസ്കൃതം പഠിക്കുവാന്‍ ആരംഭിച്ചു. വേദോപനിഷത്തുക്കളില്‍ അപാരമായ പാണ്ഡിത്യം നേടി. ശ്രീമദ് ഭാഗവതത്തിലും മറ്റു ഹൈന്ദവപുരാണങ്ങളിലും അഗാധമായ അറിവു നേടുവാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കുവാന് നിരന്തരം ശ്രമിച്ചിരുന്നു ശങ്കരന് നമ്പൂതിരി. മൂവ്വായിരത്തിലധികം വേദികളില്‍ അദ്ദേഹം ഭാഗവത സപ്താഹം നടത്തിയിട്ടുണ്ട്. ബൈബിളിലും അദ്ദേഹത്തിന് ജ്ഞാനമുണ്ടായിരുന്നു. ബൈബിളിലെ ചില വാക്യങ്ങള്‍ തന്നെ വല്ലാതെ സ്പര്ശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ജനുവരി 31 നായിരുന്നു മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ നവതി ആഘോഷങ്ങള്‍ നടന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം, കാഞ്ചി കാമകോടി പീഠത്തിന്റെ ഭാഗവത സേവാരത്ന പുരസ്കാരം, ബാല സംസ്കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഭാര്യ മേഴത്തൂര്‍ അരപ്പനാട്ടു ഭട്ടതിരിയുടെ മകള്‍ സുഭദ്ര അന്തര്‍ജ്ജനം 2004-ല്‍ അന്തരിച്ചു. പരമേശ്വരന് നമ്പൂതിരി, ആര്യാദേവി, പാര്‍വ്വതീദേവി, ദിവാകരന് നമ്പൂതിരി എന്നിവര്‍ മക്കളാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വലിയ മെത്രാപ്പോലിത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തുടങ്ങി ജീവിതത്തിന്റെ നാനാതുറയില്‍ നിന്നുമുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.