ന്യൂഡല്ഹി: പാര്ട്ടി വിലക്കു ലംഘിച്ച് ബെര്ലിന് കുഞ്ഞനന്തന് നായരുടെ വീട്ടില് പോയ വി.എസ്. അച്യുതാനന്ദനെതിരേ ഇനി അച്ചടക്ക നടപടിയില്ല എന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി. മാത്രമല്ല കേരളത്തിലെ കാര്യത്തില് ഇനി മുതല് പി. ബി. നേരിട്ട് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി അച്ചടക്ക നടപടിയല്ല കേരളത്തിലെ പാര്ട്ടിയില് വേണ്ടതെന്നു സി.പി.എം കേന്ദ്ര നേതൃത്വം. അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്നു കൊല്ക്കത്തയില് ചേര്ന്ന പാര്ട്ടി പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള് തീരുമാനിച്ചു. വി.എസിനെതിരേ ഏതെങ്കിലും രീതിയിലുള്ള അച്ചടക്ക നടപടി ഉണ്ടാവില്ലെന്നു പാര്ട്ടി ജനറല് സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെയാണ് വ്യക്തമാക്കിയത്. കേരളത്തിലെ പ്രശ്നങ്ങളില് കേന്ദ്ര കമ്മിറ്റി ചര്ച്ച ചെയ്തു പരിഹാരം കണ്ടെത്തേണ്ടെന്നും പി.ബിയുടെ നേരിട്ടുള്ള മേല്നോട്ടത്തില് പ്രശ്നങ്ങള് കേരളത്തില്തന്നെ പരിഹരിക്കാമെന്നുമാണ് പാര്ട്ടി തീരുമാനിച്ചിട്ടുള്ളത്. പാര്ട്ടി സമ്മേളനത്തിനുളള പൊതു മാര്ഗരേഖയല്ലാതെ കേരളത്തിനു മാത്രമായി ഇത്തവണ മാര്ഗരേഖ വേണ്ടെന്നും തീരുമാനമായി. 20-ാം പാര്ട്ടി കോണ്ഗ്രസ് അടുത്ത വര്ഷം ഏപ്രില് നാലു മുതല് ഒമ്പതു വരെ കോഴിക്കോടു നടത്തും. പി. ബിയുടെ ഈ ശക്തമായ ഇടപെടല് വരും കാലങ്ങളില് പാര്ട്ടിക്കകത്ത് വലിയ മാറ്റങ്ങള്ക്കു വഴിവെച്ചേക്കു മെന്നാണ് കരുതുന്നത് സംസ്ഥാനത്ത് വിഭാഗീയത രൂക്ഷമായിട്ടുണ്ടെന്ന് പാര്ട്ടി വിലയിരുത്തിയെങ്കിലും അത് കേരളത്തില് തന്നെ പരിഹരിച്ചാല് മതിയെന്നാണു തീരുമാനം. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലേതുപോലെ ഇത്തവണ കേരളത്തിനു മാത്രമായി മാര്ഗരേഖ വേണ്ടെന്നും തീരുമാനമുണ്ട്. കഴിഞ്ഞ തവണ മാര്ഗരേഖ പുറപ്പെടുവിച്ചതിനെ തുടര്ന്ന് സമവായത്തിലാണ് സമ്മേളനം നടന്നത്. ഇത്തവണ വിഭാഗീയത രൂക്ഷമാണെങ്കിലും മാര്ഗരേഖയില്ലാതെ തന്നെ സമ്മേളനം നടത്തണമെന്നുമാണ് തീരുമാനം.