തിരുവനന്തപുരം : ഭൂട്ടാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയല്ല മേഘയെന്ന് കോടതിയില്‍ സത്യവാങ്ങ് മൂലം സമര്‍പ്പിക്കുകയും, അതേ സമയം ഇത്രയും കാലം സംസ്ഥാനത്ത് അവരെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയും ചെയ്തതിലൂടെ ഗുരുതരമായ നിയമ ലംഘനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയി രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ സാഹചര്യത്തില്‍ ധന മന്ത്രിയെ പുറത്താക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഔദ്യോഗിക പ്രമോട്ടര്‍ ആണെന്ന് കാണിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാറിനു കത്തു നല്‍കിയിട്ടില്ലെന്നും, ലോട്ടറി വിഷയത്തില്‍ തോമസ് ഐസക്ക് തെറ്റിദ്ധാരണ പരത്തുക യാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സംസ്ഥാന രാഷ്ടീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന ലോട്ടറി ക്കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ കോണ്‍ഗ്രസ്സ് ദേശീയ വക്താവ് മനു അഭിഷേക് സിങ്‌വി ഈ കേസില്‍ അന്യ സംസ്ഥാന ലോട്ടറിക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായതും തുടര്‍ന്ന് അദ്ദേഹത്തിനു വക്താവ് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെ തമിഴ്നാട് അഡ്വക്കേറ്റ് ജനറല്‍ പി. എസ്. രാമന്‍ മേഘയ്ക്കു വേണ്ടി ഹാജരായതും വിവാദമായി. തമിഴ്നാട് എ. ജി. യുടെ നടപടി അനുചിതമായെന്ന് കാണിച്ച് കേരള മുഖ്യമന്ത്രി തമിഴ്നാടിനു കത്തയച്ചിരുന്നു.