
കൊച്ചി : കൊച്ചി ശാസ്ത്ര സങ്കേതിക സര്‍വ്വകലാശാല (കുസാറ്റ്) അങ്കണത്തിലെ സാഗര കന്യക എന്ന ശില്പത്തിന്റെ മാറിടം വെട്ടി മാറ്റിയത് വിവാദമാകുന്നു. പ്രസ്തുത ശില്പം അശ്ലീലമാണെന്ന് പറഞ്ഞാണ് അതിനെ വെട്ടി വികൃതമാക്കിയത്. രണ്ടു പതിറ്റാണ്ടോളമായി സാഗര കന്യകയെന്ന ശില്പം അവിടെ നില്‍ക്കുന്നു. ഇതു മാത്രമല്ല പുല്‍ച്ചെടികളില്‍ തീര്‍ത്ത മറ്റ് മനോഹരമായ ധാരാളം ഹരിത ശില്പങ്ങളും ഉണ്ട് കുസാറ്റിന്റെ അങ്കണത്തില്‍. എന്നാല്‍ ഇപ്പോള്‍ ഇത് അശ്ലീലമായി കരുതുന്നതിനു പിന്നില്‍ ചിലരുടെ സങ്കുചിത താല്പര്യമാണെന്നാണ് ആരോപിക്കപ്പെടുന്നത്.

കൊച്ചിന്‍ സര്‍വകലാശാല ക്യാമ്പസ്
ഒരു വനിതാ സംഘടനയുടെ പാരാതിയെ തുടര്‍ന്നാണത്രെ ശില്പത്തിനെതിരെ “താലിബാന്‍ മോഡല്‍“ നടപടി. ശില്‍പം സംരക്ഷിച്ചു കൊണ്ടിരുന്ന തോട്ടക്കാരനെ കൊണ്ടു തന്നെ ശില്‍പത്തിന്റെ മാറിടം മുറിപ്പിച്ചത് ക്രൂരമായി പോയെന്ന് ശില്‍പത്തെ നശിപ്പിച്ചതിനെതിരെ എതിര്‍പ്പുമായി വന്നവര്‍ പറഞ്ഞു.
ശില്‍പത്തെ വികൃതമാക്കിയ അധികൃതരുടെ നടപടിയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പ്രശസ്ത ശില്പി എം. വി. ദേവനടക്കം സാമൂഹിക സാംസ്കാരിക രംഗത്തു നിന്നുള്ളവര്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. “ശില്‍പത്തിലല്ല കാണുന്നവരുടെ മനസ്സിലാണ് അശ്ലീലമെന്ന്” ദേവന്‍ രോഷത്തോടെ പറഞ്ഞു. താലിബാനിസമാണ് കുസാറ്റിന്റെ നടപടിയില്‍ നിഴലിക്കുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു. കുസാറ്റ് പോലെ ഒരു സ്ഥാപനത്തില്‍ നിന്നും ഉണ്ടായ ഇത്തരം ഒരു നടപടിയെ ആശങ്കയോടെ ആണ് പലരും കാണുന്നത്. കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത മലമ്പുഴയിലെ പ്രശസ്തമായ “യക്ഷി” എന്ന ശില്‍പമടക്കം മാറിടം പ്രദര്‍ശിപ്പിക്കുന്നതോ നഗ്നമായതോ ആയ നിരവധി ശില്‍പങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്.



കോട്ടയം: വൈക്കം മാഹാദേവ ക്ഷേത്രത്തില്‍ ആനയിടഞ്ഞു. കിരണ്‍ നാരായണന്‍ കുട്ടിയെന്ന കൊമ്പനാണ് രാവിലെ ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത്. അഷ്ടമി ഉത്സവത്തിനോട് അനുബന്ധിച്ച് രാവിലെ ശീവേലിക്കായി ആനകളെ ഒരുക്കുകയായിരുന്നു. നെറ്റിപ്പട്ടം കെട്ടുന്നതിനിടയില്‍ ആണ് കിരണ്‍ നാരായണന്‍ കുട്ടി ഇടഞ്ഞത്. ഉടനെ മറ്റ് ആനകളെയും ഭക്തരേയും സംഭവ സ്ഥലത്തു നിന്നും മാറ്റി. പാപ്പാന്മാരുടെ സന്ദര്‍ഭോചിതമായ പരിശ്രമത്തിന്റെ ഫലമായി അപകടം ഇല്ലാതെ ആനയെ തളച്ചു. തെക്കന്‍ കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ ഒരുവനാണ് കിരണ്‍ നാരായണന്‍ കുട്ടി.

























