ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് അത്തം പിറന്നു. ഇനി പത്താം പക്കം ഓണമായി. നാടും നഗരവും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണയും തമിഴ്‌നാട്ടില്‍ നിന്നും വരുന്ന പൂക്കള്‍ തന്നെ ആണ് കേരളത്തിലെ ഓണ ക്കളത്തിനു പകിട്ടു വര്‍ദ്ധിപ്പിക്കുന്നത്. ഒരു കാലത്ത് കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ സുലഭമായിരുന്ന പല പൂക്കളും ഇന്നു അന്യമായിരിക്കുന്നു. പകരം വരവു പൂക്കളാണ് ഇന്ന് ചെറു ഗ്രാമങ്ങളിലെ പൂക്കളങ്ങളില്‍ വര്‍ണ്ണം വിതറുന്നത്.
മലയാളിയുടെ ഓണ വിപണിയെ ലക്ഷ്യമാക്കി തമിഴ് നാട്ടില്‍ പൂ കൃഷി പ്രത്യേകം ചെയ്യുന്നുണ്ട്. ജമന്തി, ചെണ്ടു മല്ലി, വാടാ മല്ലി എന്നിവയ്ക്കാണ് ഡിമാന്റ് കൂടുതല്‍. കേരളത്തില്‍ ടണ്‍ കണക്കിനു പൂക്കളാണ് ഓണം സീസണില്‍ വിറ്റഴിയുന്നത്. 35 മുതല്‍ 50 രൂപ വരെയാണ് വാടാ മല്ലിയുടെ വിലയെങ്കില്‍, ജമന്തിക്ക് 90 മുതല്‍ 120 രൂപ വരെ ആണ് കിലോയ്ക്ക് വില. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും കടകളിലും റോഡ് വക്കിലും ധാരാളം പൂക്കള്‍ വില്പനയ്ക്കായി വച്ചിരിക്കുന്നു. രാവിലെ ഇറക്കുന്ന പൂക്കള്‍ മണിക്കൂറു കള്‍ക്കകം വിറ്റു പോകും. ഓണം സീസണില്‍ മാത്രം പൂവിന്റെ വില്പന നടത്തുന്നവര്‍ ഉണ്ട്. ഉത്രാടം തിരുവോണം നാളൂകളില്‍ പൂ വില്പന അതിന്റെ പാരമ്യത്തില്‍ എത്തും. ഈ ദിവസങ്ങളില്‍ കേരളത്തില്‍ 40 മുതല്‍ 50 ടണ്‍ വരെ പൂക്കള്‍ വിറ്റഴിയും എന്നാണ് അനൌദ്യോഗിക കണക്ക്.