പാലക്കാട്: വീട്ടു വളപ്പില്‍ തളച്ചിരുന്ന മേഘനാഥന്‍ എന്ന ആന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റതിനെ തുടര്‍ന്ന് ചരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രില്‍ പാലക്കാട് ജില്ലയിലെ കോങ്ങാടിനു സമീപം പാറശ്ശേരിയില്‍ ആണ് ഈ ദാരുണമായ സംഭവം നടന്നത്. വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്റെ സര്‍വ്വീസ് വയറില്‍ ആന അറിയാതെ തുമ്പി ചുറ്റിയതാകാം ഷോക്കേല്‍ക്കാന്‍ കാരണം എന്ന് കരുതുന്നു. മരിച്ചു കിടക്കുന്ന ആനയുടെ തുമ്പിയില്‍ വൈദ്യുതി കമ്പി ചുറ്റിപ്പിണഞ്ഞ നിലയില്‍ ആയിരുന്നു. തുമ്പിയില്‍ ഷോക്കേറ്റതിനെ തുടര്‍ന്ന് പൊള്ളല്‍ ഏറ്റിട്ടുണ്ട്.
ഇരിങ്ങാലക്കുട തെക്കേ മഠം സുരേഷാണ് മേഘനാഥന്റെ ഉടമ. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുരേഷ് ഇവനെ വാങ്ങുന്നത്. മദക്കോളിനെ തുടര്‍ന്ന് വിശ്രമത്തിനും ചികിത്സയ്ക്കുമായി ആനയെ ഒന്നാം പാപ്പാന്റെ വീടിനു പരിസരത്ത് നിര്‍ത്തിയി രിക്കുകയായിരുന്നു. ഇരുപതിനടുത്ത് പ്രായം വരുന്ന ലക്ഷണ ത്തികവുള്ള ഈ കൊമ്പന്‍ വളര്‍ന്നു വരുന്ന ആന ചന്തങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയവന്‍ ആയിരുന്നു. നല്ല കറുപ്പും എടുത്തു പിടിച്ച തലയും ഇവന്റെ പ്രത്യേകത യായിരുന്നു. ഉത്സവ പ്പറമ്പുകളിലും ആന പ്രേമികള്‍ക്കിടയിലും ഇവനു ഏറെ ആരാധകര്‍ ഉണ്ട്.
ആന ചരിഞ്ഞ തറിഞ്ഞ് ധാരാളം ആളുകള്‍ സ്ഥലത്തെത്തി. റേഞ്ച് ഓഫീസര്‍ വി. ജി. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വന പാലകരും തൃശ്ശൂരില്‍ നിന്നും ഉള്ള വെറ്റിനറി സംഘവും എത്തി. പോസ്റ്റുമോര്‍ട്ടം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ ആനയാണ് ഷോക്കേറ്റ് ചരിയുന്നത്. മുമ്പ് തെക്കന്‍ കേരളത്തിലെ ഒരു മലയോര പ്രദേശത്ത് ലോറിയില്‍ കയറ്റി കൊണ്ടു പോകുകയായിരുന്ന ആന 11 കെ. വി. ലൈനില്‍ നിന്നും ഷോക്കേറ്റ് ചരിഞ്ഞിരുന്നു. എന്നാല്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാട്ടാനയായി അറിയപ്പെട്ടിരുന്ന കണ്ടമ്പുള്ളി ബാല നാരായണന്‍ (നാണു എഴുത്തശ്ശന്‍ ശങ്കര നാരായണന്‍) ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ ആയിരം കണ്ണി ഉത്സവത്തിനിടെ എഴുന്നള്ളിച്ച് കൊണ്ടു വരുമ്പോള്‍ ഷോക്കേറ്റു വീണിരുന്നു. അല്‍ഭുതകരമായി അന്ന് മരണത്തില്‍ നിന്നും ആന രക്ഷപ്പെടു കയാണുണ്ടായത്.