കണ്ണൂര്‍: ബി. ജെ. പി പ്രവര്‍ത്തകന്‍ മനോജിന്റെ (40) കൊലപാതാകത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പയ്യോളിയിലും പരിസരങ്ങളിലും സംഘര്‍ഷം തുടരുന്നു. ഞായറാഴ്ച രാത്രിയാണ് മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം മനോജിന്റെ വീട്ടില്‍ കയറി വെട്ടിയത്. അമ്മയുടേയും ഭാര്യയുടേയും മുമ്പിലിട്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വീട്ടുകാരുടെ നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും അക്രമി സംഘം അവര്‍ക്കു നേരെയും മാരകായുധങ്ങളുമായി ഭീഷണി മുഴക്കി. അക്രമികള്‍ പോയതിനു ശേഷമാണ് മനോജിനെ ആശുപത്രിയിലേക്ക് മാറ്റുവാനായത്. തലയ്ക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മനോജിനെ മേഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
മനോജിന്റെ കൊലപ്പെടുത്തിയതറിഞ്ഞ് നൂറു കണക്കിനു ബി. ജെ. പി-ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് തടിച്ചു കൂടി. അക്രമത്തിനു പിന്നില്‍ സി. പി. എം ആണെന്ന് ബി. ജെ. പി ആരോപിച്ചു. രോഷാകുലരായ ബി. ജെ. പി പ്രവര്‍ത്തകര്‍ സി. പി. എമ്മിന്റെ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തു. വടകര ഡി. വൈ. എസ്. പിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ നൂറു കണക്കിനു പേര്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുനു. ഇതിനിടയില്‍ ബി. ജെ. പി പ്രവര്‍ത്ത്കര്‍ സി. പി. എം ഓഫീസിനു തീയിടുവാന്‍ ശ്രമിച്ചപ്പോള്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി.മനോജിന്റെ മൃതദേഹം വൈകീട്ട് സംസ്കാരം നടത്തി. പുഷ്പയാണ് മനോജിന്റെ ഭാര്യ. നന്ദ, ആര്യ എന്നിവര്‍ മക്കളാണ്.