തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. ആക്രമണത്തില്‍ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. തലസ്ഥാനത്ത് സി. എസ്. ഐ. സഭാ ആസ്ഥാനമായ പാളയം എല്‍. എം. എസ്. വളപ്പില്‍ വെച്ച് ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം ഉണ്ടായത്. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിനു തലവരിപ്പണം നല്‍കിയ രക്ഷിതാവ് പരാതി നല്‍കാനായി രാവിലെ ബിഷപ്പ് ഹൗസിലെത്തി. പരാതി നല്‍കിയ ശേഷം തിരികെ വരുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ എഷ്യാനെറ്റ് ന്യൂസ് സംഘത്തെ സെക്യൂരിറ്റി ജീവനക്കാരന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണന്‍, ക്യാമറാമാന്‍ അയ്യപ്പന്‍, ഇന്ത്യാവിഷന്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് മാര്‍ഷല്‍ വി. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ. എസ്. ഐ. റസലിയന്‍, എ. ആര്‍. ക്യാമ്പിലെ ജോണ്‍ എന്നിവരെ സസ്‌പെന്റ് ചെയ്തു. സാമുവല്‍, ബിഷപ്പ് ഹൗസിലെ സെക്യൂരിറ്റി എഡ്വിന്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ബിഷപ്പ് ഹൗസിലെത്തി. അക്രമികളെ പിടികൂടണമെന്നും ടേപ്പ് തിരികെ നല്‍കണ മെന്നുമാവശ്യപ്പെട്ടു പ്രതിഷേധ സമരം നടത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് ലാത്തി വീശിയപ്പോഴാണ് മാര്‍ഷലിന്റെ തലയ്ക്കു പരിക്കേറ്റത്. ഇതില്‍ പ്രതിഷേധിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൗസ് കവാടം ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ ഐ. ജി. കെ. പത്മകുമാര്‍ സംഭവ സ്ഥലത്തെത്തി മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. മര്‍ദ്ദിച്ചവരെ സസ്‌പെന്റ് ചെയ്തതായും ടേപ്പ് ഉടന്‍ വീണ്ടെടുത്തു നല്‍കുമെന്നും പരസ്യമായി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അവിടെ നിന്ന് പിരിഞ്ഞ് നിയമ സഭയിലേയ്ക്കു മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലിസ് തടഞ്ഞതിനെ ത്തുടര്‍ന്ന് നിയമ സഭാ റോഡില്‍ മൂന്നു മണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തി.
കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ. പി. സി. സി. വക്താവ് എം. എം. ഹസന്‍, പി. ടി. തോമസ് എം. പി., പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍, ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എം. എല്‍. എ. മാരായ പി. സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ശിവദാസന്‍ നായര്‍, വി. ഡി. സതീശന്‍, ടി. എന്‍. പ്രതാപന്‍, ജോസഫ് വാഴയ്ക്കന്‍, എം. എല്‍. എ. മാരായ വി. ശിവന്‍കുട്ടി, ഇ. പി. ജയരാജന്‍, വി. എസ്. സുനില്‍കുമാര്‍, ടി. വി. രാജേഷ്, പി. ശ്രീരാമകൃഷ്ണന്‍, ആര്‍. രാജേഷ് എന്നിവരും രാഷ്ട്രീയ പാര്‍ട്ടികളും യുവജന – വിദ്യാര്‍ഥി സംഘടനകളും സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സ്ഥലത്തെത്തിയിരുന്നു.