ദുബായ് : സ്വത്വ രാഷ്ട്രീയ വാദികള്‍ അവര്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവരുടെ സ്വത്വം ഏതെന്നു വെളിപ്പെടുത്താന്‍ കൂട്ടാക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും പൊന്നാനി നഗരസഭാ ചെയര്‍മാനുമായ പ്രൊഫ. എം. എം. നാരായണന് അഭിപ്രായപ്പെട്ടു. ദുബായ് സന്ദര്‍ശനത്തിനിടയില്‍ eപത്രത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വത്വം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്വത്വമാണ് മനുഷ്യനെ മൃഗത്തില്‍ നിന്നും വേര്‍തിരിക്കുന്നതും. പല സ്വത്വങ്ങളുടെ അടരുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് മനുഷ്യന് എന്ന പ്രതിഭാസം. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മനുഷ്യന് വ്യത്യസ്ത സ്വത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സ്വത്വ വാദികള്‍ തയ്യാറല്ല. സ്വത്വ രാഷ്ട്രീയം ഇല്ല എന്ന് പറയുമ്പോള്‍ തന്നെ അവര്‍ സ്വത്വം ഉണ്ട് എന്നും പറയുന്നു. എന്നാല്‍ ഏതാണ് ഇവരുടെ സ്വത്വം? ജാതിയാണോ, മതമാണോ, ഭാഷയാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഇവര്‍ തയ്യാറല്ല എന്നതാണ് ഇതിലെ പൊള്ളത്തരം.
മാര്‍ക്സിസം സ്വത്വത്തെ നിഷേധിക്കുന്നില്ല. എന്നാല്‍ ചരിത്രപരമായി ഏതു കാര്യത്തെയും കാണുന്നത് പോലെ തന്നെയാണ് സ്വത്വത്തേയും മാര്‍ക്സിസം കാണുന്നത്. കേരളത്തെ ഒരു കാലത്ത് വിവേകാനന്ദന് ഭ്രാന്താലയം എന്ന് വിളിച്ചിരുന്നു. എന്നാല്‍ കേരളീയ സമൂഹം ഇന്ന് അതില്‍ നിന്നുമൊക്കെ എത്രയോ മുന്നോട്ട് പോയിരിക്കുന്നു. എന്നാല്‍ ഈ ചരിത്രത്തെ മുഴുവന്‍ അവഗണിച്ചു കൊണ്ട് ഒരാളെ അയാള്‍ ഹിന്ദുവാണ്, നായരാണ്, നമ്പൂതിരിയാണ് എന്നൊക്കെ പറയുന്ന നിലപാടിനോട് എങ്ങനെ യോജിക്കാനാവും? ഇത് മാര്‍ക്സിസ്റ്റ് വിരുദ്ധം മാത്രമല്ല ചരിത്ര വിരുദ്ധമായ ഒരു സമീപനം കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.