തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടിനെയും അനധികൃത ഫ്ലാറ്റ് നിര്‍മ്മാണത്തെയും അടിമാലിത്തുറയില്‍ അനധികൃത കയ്യേറ്റവും റിസോര്‍ട്ട് നിര്‍മ്മാണവും സംബന്ധിച്ച് വി.എസ്.സുനില്‍ കുമാര്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിവാദ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു എത്ര കോടി ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ ചോദിച്ചു. അനുവദിക്കാത്തതിനെ തുടര്‍ന്ന് ചൊല്ലി പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ പരിസ്ഥിതി ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ പരിസ്ഥിതി ഘാതകരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ആയിരുന്ന പി.ശ്രീകണ്ഠന്‍ ചട്ട വിരുദ്ധമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും മുത്തുനായകം, പി.കെ. മെഹന്തി എന്നിവര്‍ പരിസ്ഥിതി വകുപ്പിന്റെ ചുമത വഹിച്ചിരുന്നപ്പോള്‍ നല്‍കിയ അനുമതികള്‍ പരിശോധിക്കണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. പാറ്റൂരില്‍ ഭൂമി കയ്യേറ്റം നടന്നതായി ആരോപിച്ച പ്രതിപക്ഷം ഇത് അളന്ന് തിട്ടപ്പെടുത്തണമെന്നും അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു വഴങ്ങിയില്ല. രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്.
പരിസ്ഥിതി നിബന്ധനകള്‍ പാലിച്ചാണ് അനുമതി നല്‍കിയതെന്നുംപി.ശ്രീകണ്ഠനെ പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റുന്നതായും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിനു അവതരണാനുമതി നിഷേധിക്കുകയായിരുന്നു.നിയമനം മുതല്‍ ഏറെ വിവാദങ്ങളില്‍ പെട്ട ഉദ്യോഗസ്ഥനാണ് പി.ശ്രീകണ്ഠന്‍. ഇദ്ദേഹത്തിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായില്ല.