കൊല്ലം: കൊല്ലത്ത് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബിയെ പരാജയപ്പെടുത്തി ആര്‍. എസ്. പി. നേതാവ് എന്‍. കെ. പ്രേമചന്ദ്രന്‍ വന്‍ വിജയം നേടി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് എല്‍. ഡി. എഫില്‍ നിന്നും യു. ഡി. എഫിലേക്ക് ചേരി മാറിയ ആര്‍. എസ്. പി. യെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു കൊല്ലത്തേത്. കടുത്ത മത്സരം നടന്ന ഈ മണ്ഡലത്തില്‍ പ്രേമചന്ദ്രനെതിരെ എല്‍. ഡി. എഫ്. നേതാക്കള്‍ വ്യക്തിഹത്യാപരമായ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പ്രചാരണ വേളയില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗം വന്‍ വിവാദമായിരുന്നു. തനിക്കെതിരെ നടത്തിയ വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങള്‍ക്ക് ജനം ബാലറ്റിലൂടെ പ്രതികരണം നല്കും എന്നാണ് അന്ന് പ്രേമചന്ദ്രന്‍ പറഞ്ഞത്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയ സമയത്ത് മാത്രമാണ് എം. എ. ബേബി പ്രേമചന്ദ്രനേക്കാള്‍ മുന്നിട്ട് നിന്നത്. ബാക്കി മുഴുവന്‍ ഘട്ടങ്ങളിലും പ്രേമചന്ദ്രന്‍ മുന്നിട്ട് നിന്നു. ബേബിയുടെ സ്വന്തം മണ്ഡലമായ കുണ്ടറയിലും പ്രേമചന്ദ്രന്‍ മുന്നേറ്റം നടത്തി എന്നത് എല്‍. ഡി. എഫ്. കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രേമചന്ദ്രന്‍ വന്‍ തരംഗം തന്നെയാണ് സൃഷ്ടിച്ചത്.