തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ആറുപേരെ പ്രതിപ്പട്ടികയില്‍ നിന്നും സി.ബി.ഐ കോടതി ഒഴിവാക്കി. സി.ബി.ഐയുടെ കുറ്റപത്രവും കോടതി മടക്കി. തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയിലെ ജഡ്ജി ആര്‍.രാജുവാണ് പിണറായി ഉള്‍പ്പെടെ ഉള്ള ചില പ്രതികള്‍ വിടുതല്‍ ഹര്‍ജി പരിഗണിച്ചത്. ഇതില്‍ രണ്ടു പേരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കേസില്‍ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തെ കൂടാതെ ഊര്‍ജ്ജവകുപ്പ് മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി കെ.മോഹന ചന്ദ്രന്‍, കെ.എസ്.ഈ.ബി മുന്‍ ചെയര്‍മാന്‍ പി.എ.സിദ്ധാര്‍ഥ മേനോന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് തുടങ്ങിയവരും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയവരില്‍ പെടുന്നു.
കേസ് അന്വേഷണം നടത്തിയ സി.ബി.ഐ സംഘത്തിനു പ്രതികള്‍ക്കെതിരായ ഗൂഢാലോചന തെളിയിക്കുവാന്‍ ആയിട്ടില്ലെന്ന് കോടതി പറഞ്ഞു. മുന്‍ വൈദ്യുത മന്ത്രിയായിരുന്ന ജി.കാര്‍ത്തികേയനെ കേസില്‍ പ്രതിചേര്‍ക്കണമെന്ന സി.ബി.ഐയുടെ ആവശ്യവും കോടതി തള്ളി. രാഷ്ടീയ ലക്ഷ്യത്തോടെയാണ് തനിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയതെന്നും ലാവ്‌ലിന്‍ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുവാന്‍ താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനു കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി കരാര്‍ ഉണ്ടാക്കിയതിലൂടെ സംസ്ഥാനത്തിനു 370 കോടി രൂപ നഷ്ടം സംബവിച്ചു എന്നതായിരുന്നു ആരോപണം. മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിക്കേണ്ടിയിരുന്ന 98.3 കോടി രൂപയുടെ ഗ്രാന്റില്‍ 89.32 കോടി രൂപയോളം നഷ്ടമായെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. കേസ് 2007 ജനുവരിയില്‍ സി.ബി.ഐ അന്വേഷണത്തിനു വിടുകയായിരുന്നു. 2009 ജനുവരിയിലാണ് മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ പ്രതിചേര്‍ത്തത്.