ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മാഗസിനില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, മാതാ അമൃതാനന്ദ മയി, മുന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങ്ങ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി മന്ത്രിമാരും മുന്‍ എം. പി. മാരും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളെയും കുറിച്ച് സംസ്കാര ശൂന്യമായ ഭാഷയില്‍ പരാമര്‍ശിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മാഗസിന്റെ എണ്‍പതാം പേജിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. ഡി. ജയപ്രസാദ്, സ്റ്റാഫ് എഡിറ്റര്‍ പ്രൊഫ്. സന്തോഷ്, സ്റ്റുഡന്റ് എഡിറ്റര്‍ വിപിന്‍ രാജ്, മാഗസിന്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ ആണ് കേസ്. ബി. ജെ. പി. ജില്ല മീഡിയ സെല്‍ കണ്‍വീനര്‍ രാജന്‍ തറയില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ എ. ബി. വി. പി. പഠിപ്പ് മുടക്കി പ്രകടനം നടത്തി. സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് എ. ബി. വി. പി. ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് നടന്ന ബി. ജെ. പി. യുടെ പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. സി. പി. എം. വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ബി. ജെ. പി. ആരോപിച്ചു. പ്രതിഷേധക്കാര്‍ കോളേജ് മാഗസിനും പിണറായി വിജയന്റെ കോലവും കത്തിച്ചു.
ദേശീയ നേതാക്കളെ അപമാനിച്ച മാഗസിന്‍ കമ്മറ്റിക്കെതിരെ നടപടിയെടുക്കുവാന്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും പുറത്താക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും, ദേവസ്വത്തിനും, പോലീസിലും കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ പരാതി നല്‍കി.
മാഗസിന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതില്‍ വിവാദ പരാമര്‍ശം അടങ്ങിയ പേജ് ഇല്ലായിരുന്നു എന്നും, പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഇതേ കുറിച്ച് സ്റ്റാഫ് എഡിറ്ററോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ തന്റെ അനുമതി ഇല്ലാതെ എസ്. എഫ്. ഐ. ക്കാരായ കമ്മറ്റി അംഗങ്ങളാണ് അശ്ളീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നാണ് മറുപടി ലഭിച്ചതെന്നും പ്രിസിപ്പല്‍ പറയുന്നു. സംഭവത്തില്‍ കോളേജ് മാനേജര്‍ കൂടിയായ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. മുരളീധരന്‍ കോളേജ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിട്ടുണ്ട്.
കുന്ദംകുളം പോളി ടെക്നിക്ക് പ്രസിദ്ധീകരിച്ച മാഗസിനും വിവാദമായിരുന്നു. നെഗറ്റീവ് ഫേസസ് എന്ന പേരില്‍ മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റിയ അജ്‌മല്‍ കസബിന്റേയും, ഹിറ്റ്‌ലര്‍, മുസോലിനി, വീരപ്പന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മാഗസിനിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്.