തിരുവനന്തപുരം: ആന്റി പൈറസി സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 20000- ല്‍ പരം വ്യാജ സിഡികള്‍ പിടിച്ചെടുത്തു. നാലു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കൊട്ടാരക്കരയില്‍ അറസ്റ്റിലായ പള്ളിക്കല്‍ നവാസ് നിവാസില്‍ സെയ്‌ദലവിയില്‍ നിന്നും അറുന്നൂറില്‍പരം വ്യാജ സി.ഡികള്‍ പിടിച്ചെടുത്തിട്ടുണ്ട്. നാനൂറിലധികം വ്യാജ സിഡികളുമായാണ് പത്തനംതിട്ട സ്വദേശി ഷിബുവിനെ അറസ്റ്റു ചെയ്തത്. ഇവരെ കൂടാതെ അറസ്റ്റിലായ രഞ്ജിത് കുമാറില്‍ നിന്നും 2800ഉം ഗുണശേഖരനില്‍ നിന്നും 2300 ഉം വ്യാജ സിഡികള്‍ പിടികൂടിയിട്ടുണ്ട്. ചിലയിടങ്ങളില്‍ നിന്നും വ്യാജസിഡികള്‍ കണ്ടെടുത്തെങ്കിലും ഉടമകളെ കണ്ടെത്തുവാന്‍ ആയില്ല. അടുത്തിടെ റിലീസ് ചെയ്ത ലേഡീസ് ആന്റ് ജന്റില്‍മാന്‍, ലോക്‍പാല്‍, കര്‍മ്മയോദ്ധ തുടങ്ങി നിരവധി മലയാള ചലചിത്രങ്ങളുടെ വ്യാജ സിഡികള്‍ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. മലയാളത്തെ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളുടേയും വ്യാജ സിഡികള്‍ ഇതില്‍ ഉണ്ട്.