കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് ലോബി പിടിമുറുക്കുന്നതായി സൂചന. അടുത്തടുത്ത ദിവസങ്ങളിലായി സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കിലോ കണക്കിനു കഞ്ചാവാണ് പോലീസ് പിടികൂടിയത്. മദ്യത്തേക്കാള്‍ കുറഞ്ഞ ചിലവില്‍ ലഹരി പകരുന്ന കഞ്ചാവിനെയാണ് സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത്. അരിഷ്ടം എന്ന വ്യാജേന ഉള്ള മദ്യ വ്യാപാരം ഉണ്ട്. തെക്കന്‍ കേരളത്തിലെ ഒരു ആയുര്‍വ്വേദ ആശുപത്രിയുടെ മറവില്‍ നടത്തിയിരുന്ന മദ്യ വില്പന കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് ചെയ്ത് കണ്ടെടുത്തിരുന്നു. സംസ്ഥാനത്ത് നാനൂറില്‍ അധികം ബാറുകള്‍ അടച്ചതിനെ തുടര്‍ന്ന് മദ്യത്തിന്റെ ലഭ്യതയില്‍ കുറവ് വന്നിട്ടുണ്ട്. ബാറിന്റെ കൌണ്ടറില്‍ ചെന്നാല്‍ നിമിഷങ്ങള്‍ക്കകം ലഭ്യമായിരുന്ന മദ്യത്തിനായി ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകളിലെ വലിയ ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ട്. ഇതാണ് മദ്യപാനികളില്‍ ചിലരെ കഞ്ചാവ് ഉള്‍പ്പെടെ ഉള്ള മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനായി പ്രേരിപ്പിക്കുന്നത്. മയക്കു മരുന്നിന് അടിമപ്പെടുന്നവര്‍ മാനസിക രോഗികളായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.
ബാറുകള്‍ അടച്ചതിനാല്‍ മദ്യത്തിന്റെ അനധികൃത കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകളില്‍ ക്യൂ നിന്ന് മദ്യം വാങ്ങികൊടുക്കുന്നതിനായി അമ്പതു മുതല്‍ നൂറു രൂപ വരെയാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്. ഓര്‍ഡര്‍ നല്‍കിയാല്‍ മദ്യം വാങ്ങി ഉപഭോക്താവ് പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുന്നവരും ഉണ്ട്.
സംസ്ഥാനത്തേക്ക് വ്യാജ മദ്യത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചതായും, മലയോര മേഖലകളിൽ വ്യാജ വാറ്റ് വ്യാപകമാകുന്നതായും സൂചനയുണ്ട്. വേണ്ടത്ര ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇത് മദ്യ ദുരന്തങ്ങള്‍ക്ക് വഴി വെക്കുവാനും സാധ്യതയുണ്ട്. ബാറുകളുടെ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നത് ഗുരുതരമായ പ്രത്യാഘാതം ആണ് ഉണ്ടാക്കുന്നതെന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു.