കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ. പാനൂര്‍ എരിയാ കമ്മറ്റി അംഗം പി. കെ. കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ. സി. രാമചന്ദ്രന്‍, കണ്ണൂര്‍ കുന്നോത്ത് പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി ട്രൌസര്‍ മനോജ് എന്നീ 3 സി. പി. എം. നേതാക്കള്‍ക്കും എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, എസ്. സിജിത്ത് എന്നീ 7 കൊലയാളി സംഘാംഗങ്ങള്‍ക്കും കൊലയാളികള്‍ക്ക് ഇന്നോവ കാര്‍ സംഘടിപ്പിച്ചു നല്‍കിയ വാഴപ്പടച്ചി റഫീഖ് എന്നിവര്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. തടവ് കൂടാതെ 50,000 രൂപ പിഴയും അടക്കണം. ആയുധങ്ങള്‍ ഒളിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിനും മുപ്പത്തിമൂന്നാം പ്രതിയായ ലംബു പ്രദീപനു മൂന്നു വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജി ആർ. നാരായണ പിഷാരടിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇതില്‍ സ്ഫോടക വസ്തു കൈവശം വെച്ച കേസില്‍ കൊടി സുനിക്ക് പത്തു വര്‍ഷം തടവും കിര്‍മാണി മനോജിന് അഞ്ചുവര്‍ഷം തടവും ജീവപര്യന്തത്തിനു പുറമെ ശിക്ഷ ലഭിച്ചിട്ടുണ്ട്.
പി.കെ. കുഞ്ഞനന്തന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സി.പി.എം. നേതാക്കള്‍ക്കെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റവും, ഏഴംഗ കൊലയാളി സംഘത്തിന് എതിരെ നരഹത്യ, കലാപം സൃഷ്ടിക്കൽ, മാരകായുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളുമാണ് കോടതി കണ്ടെത്തിയത്. മറ്റു രണ്ടു പ്രതികള്‍ക്കെതിരെ കൊലപാതക പ്രേരണയും തെളിവു നശിപ്പിക്കലുമാണ് ചാര്‍ത്തപ്പെട്ട കുറ്റങ്ങൾ.
രാവിലെ കോടതിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. കടുത്ത സുരക്ഷാ ഏര്‍പ്പാടുകള്‍ കോടതിക്കും പരിസരത്തും പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. പതിനൊന്നു മണിയോടെ കോടതിയില്‍ എത്തിയ ജഡ്ജി പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ശിക്ഷ വിധിച്ചു. കൊലയ്ക്ക് പിന്നില്‍ രാഷ്ടീയ പകയാണെന്നും, മുന്‍ കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് കൊല നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. സി.പി.എം. വിട്ട് ആർ.എം.പി. രൂപീകരിച്ച ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസ് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു.