കോഴിക്കോട്: പട്ടാപകല്‍ കാറിനെ പിന്തുടര്‍ന്ന് യാത്രക്കാരന്‍ പ്രസന്നനെ മര്‍ദ്ദിക്കുകയും തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സലിം രാജിനെ കൂടാതെ കൊട്ടേഷന്‍ സംഘംഗങ്ങളായ മറ്റ് ഏഴു പേരെയും നാട്ടുകാര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഇര്‍ഷദ് , പിടികിട്ടാപ്പുള്ളി റിജു എന്നിവര്‍ ഉള്‍പ്പെടെ തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. പ്രശ്നം പറഞ്ഞു തീര്‍ക്കുവാന്‍ ശ്രമം നടന്നെങ്കിലും നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ സംഘം ചേര്‍ന്ന് ആക്രമിക്കല്‍, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കല്‍, ഭീഷണി പ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസ് ചാര്‍ജ്ജ് ചെയ്തു. കേസില്‍ സലിം രാജ് അവസാന പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോഴിക്കോട് കരിക്കാം കുളത്ത് പ്രസന്നന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സലിം രാജും സംഘവും നടു റോഡില്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടു. സംഘത്തലവന്‍ വിവാദ പോലീസുകാരന്‍ സലിം ആണെന്ന് നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞു. അതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. മറ്റൊരു കേസില്‍ സസ്പ്ന്‍ഷനില്‍ ഇരിക്കുന്ന സലിം രാജ് തന്റെ ഐഡന്റിറ്റി കാര്‍ഡ് കാട്ടി പ്രസന്നനെ പിടികൂടിയതാണെന്ന് പറഞ്ഞെങ്കിലും ജനം അത് വിശ്വസിച്ചില്ല. സോളാര്‍ തട്ടിപ്പ് കേസിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സലിമിനെതിരെ ജനം ബഹളം വച്ചു.
ഈ കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഗണ്മാന്‍ സലിം രാജിന്‍ വിവാദ നായകനാകുന്നത്. തുടര്‍ന്ന് ഇയാളെ മുഖ്യമന്ത്രിയുടെ ഗണ്മാന്‍ സ്ഥാനത്തു നിന്നും നീക്കി. ക്രിമിനല്‍-തട്ടിപ്പ് ഇടപാടുകളില്‍ പങ്കാളിത്തം ഉള്ളവരുമായി സലിം രാജിന് അടുത്ത ബന്ധം ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഓച്ചിറ ചങ്ങന്‍ കുളങ്ങര സ്വദേശിനി റഷീദ ബീവി (45) പ്രസന്നനൊപ്പം 75 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയുമായി പോയിരുന്നു. റഷീദയുടെ ഭര്‍ത്താവ് അബ്ദുള്‍ വഹാബ് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. സംഘാംഗങ്ങളില്‍ ഒരാള്‍ ഇവരുടെ ബന്ധുക്കളുമായി അടുപ്പമുള്ള ആളാണ്. പ്രസന്നനും റഷീദയും കോഴിക്കോട് ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സലിം രാജിന്റെ നേതൃത്വത്തില്‍ കൊട്ടേഷന്‍ സംഘം കോഴിക്കോട് എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രസന്നന്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടരുകയായിരുന്നു. പ്രസന്നനേയും റഷീദയേയും ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ഓച്ചിറ പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസുള്ളതിനാല്‍ ഇവരെ ഓച്ചിറ പോലീസിനു കൈമാറും.