തിരുവനന്തപുരം: മന്ത്രിമാരും സരിത എസ്.നായരുമായി രാത്രി കാലങ്ങളില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് ഭരണ ഘടനയോ ഭാഗവതമോ പഠിപ്പിക്കുവാനായിരിക്കില്ല മന്ത്രിമാര്‍ സരിതയെ അര്‍ദ്ധരാത്രിയില്‍ വിളിച്ചത് എന്ന് ഉറപ്പാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യം അന്വേഷിക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആയിരുന്നു മന്ത്രിമാര്‍ക്ക് നേരെ മുരളീധരന്റെ വിമര്‍ശനം. കേന്ദ്ര-സംസ്ഥാന മന്ത്രിമാരില്‍ പലരും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ്.നായരുമായും, നടി ശാലു മേനോനുമായും ബന്ധപ്പെട്ടിരുന്നതായി രേഖകള്‍ പുറത്ത് വന്നിരുന്നു.
അറസ്റ്റിലായ നടി ശാലു മേനോന്‍ സ്വന്തം കാറില്‍ പോലീസ് സ്റ്റേഷനിലേക്ക് പോയതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ശാലുവിനെ അറസ്റ്റു ചെയ്ത രീതി ശരിയായില്ല. അറസ്റ്റു ചെയ്യുന്ന പ്രതികളെ പോലീസ് വാഹനങ്ങളിലാണ് കൊണ്ടു പോകണമെന്നാണ് നിയമം എന്നും എന്നാല്‍ മന്ത്രിമാര്‍ക്ക് എസ്കോര്‍ട്ട് പോകുന്നതു പോലെയാണ് ശാലുവിനെ കൊണ്ടു പോയതെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.