കണ്ണൂര്‍ : സി. പി. എം. കേന്ദ്ര കമ്മറ്റി അംഗം ഇ. പി. ജയരാജനെ വധിക്കുവാന്‍ കോണ്‍ഗ്രസ്സ് നേതാവും എം. പി. യുമായ കെ. സുധാകരന്‍ പദ്ധതിയിട്ടതായി മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാവുമായ പ്രശാന്ത് ബാബുവാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. സുധാകരന്റെ നടാലിലുള്ള വീട്ടില്‍ വച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ണൂരിലെ സെവ്‌റി ഹോട്ടലിലും സഹകരണ പ്രസ്സിലും ഉണ്ടായ ആക്രമണങ്ങളിലും കെ. സുധാകരന് പങ്കുണ്ടെന്നും പ്രശാന്ത് പറയുന്നു. അക്രമങ്ങള്‍ക്ക് കൊട്ടേഷന്‍ സംഘങ്ങളെയാണ് ഉപയോഗിച്ചതെന്നും, യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുവാന്‍ പോലീസുമായി ഗൂഢാലോചന നടത്തുകയും ഗുണ്ടകള്‍ക്ക് പകരം പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിയാക്കുകയാണ് ഉണ്ടായതെന്നും പ്രശാന്ത് ബാബു വെളിപ്പെടുത്തുന്നു.
മുൻ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ. സുധാകരന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം. എല്‍. എ. ആവശ്യപ്പെട്ടു. പ്രശാന്ത് ബാബുവിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഇ. പി. ജയരാജനും ആവശ്യപ്പെട്ടിട്ടുണ്ട്. ടി. പി. വധക്കേസില്‍ സി. പി. എം. നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുതിർന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. സുധാകരന്‍ എം. പി. ക്ക് എതിരെ ഉള്ള ഈ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്സിനു തിരിച്ചടിയായിട്ടുണ്ട്.