കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിനും കൂട്ടാളികള്‍ക്കും എറണാകുളം സബ് ജയിലിനകത്ത് മൊബൈല്‍ സിം കാര്‍ഡ് എത്തിച്ചു നല്‍കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം പാലത്തും തറയ്ക്കല്‍ ദീപ ചെറിയാന്‍ എന്ന ഷാഹിന (31) ആണ് പോലീസ് പിടിയിലായത്. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി എറണാകുളം സബ് ജയിലില്‍ കഴിയുന്ന ഷാഹിനയുടെ ഭര്‍ത്താവ് നൌഷാദ് വഴിയാണ് സിം കാര്‍ഡ് ജയിലില്‍ എത്തിച്ചത്. ഈ സിം കാര്‍ഡ് ഉപയോഗിച്ച് നസീര്‍ വിദേശത്തേക്ക് വിളിച്ചതായി കരുതുന്നു.
തിരിച്ചറിയല്‍ രേഖകള്‍ പോലും നല്‍കാതെയാണ് എറണാകുളം പാലാരിവട്ടത്തെ ഒരു സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സ്റ്റോറില്‍ നിന്നും ഷാഹിന സിം കാര്‍ഡുകള്‍ വാങ്ങിയതെന്ന് പോലീസ് പറയുന്നു. രേഖകള്‍ നല്‍കാതെ സിം കര്‍ഡുകള്‍ കൊണ്ടു പോയതിനെതിരെ മൊബൈല്‍ കമ്പനിയുടെ പ്രതിനിധികള്‍ ഷാഹിനയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് ഷാഹിനയെ ചൊവ്വാഴ്ച രാത്രി എസ്. ആര്‍. എം. റോഡില്‍ വച്ച് അറസ്റ്റ് ചെയ്തത്. മതിയായ രേഖകൾ ഇല്ലാതെ സിം കാര്‍ഡ് നല്‍കിയതിന്റെ പേരില്‍ കമ്പനി സ്റ്റോറിലെ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
നേരത്തെ വിവാഹിതയായിരുന്ന ദീപ ചെറിയാന്‍ ആലുവ സ്വദേശി നൌഷാദുമായി പ്രേമത്തിലായതിനെ തുടര്‍ന്നാണ് മതം മാറി ഷാഹിനയായത്. തുടര്‍ന്ന് എറണാകുളത്തെ ഒരു വീട്ടില്‍ പേയിങ്ങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ ജയിലില്‍ കഴിയുന്ന നൌഷാദിനെ കാണാന്‍ എത്താറുണ്ടായിരുന്നു. അതിനിടയിലാണ് നൌഷാദ് വഴി തടിയന്റവിട നസീറിനു സിം കാര്‍ഡ് എത്തിക്കുവാന്‍ സഹായിച്ചത്.