
തിരുവനന്തപുരം : കേരളത്തിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ജനപക്ഷ വിദ്യാഭ്യാസ നയത്തെ എ ലെവല്‍ സ്റ്റുഡന്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അഭിനന്ദിച്ചു. വിവിധ കാരണങ്ങളാല്‍ എസ് എസ് എല്‍ സി പൂര്‍ത്തീകരിക്കാനാകാത്ത ഒരുപാടു പേരുടെ ആശ്രയമാണ് സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന എസ് എസ് എല്‍ സി എ – ലെവല്‍ തത്തുല്യം കോഴ്സുകള്‍.
2009 – 2010 കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം ഓപ്പണ്‍ സ്ക്കൂള്‍ പ്രവേശന വിജ്ഞാപനത്തിനു ശേഷം വന്നതിനാല്‍ കേരളത്തിലെ നാല്‍പ്പതി നായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഓപ്പണ്‍ സ്ക്കൂള്‍ പ്രവേശനം സാങ്കേതിക കാരണങ്ങളാല്‍ അനിശ്ചിത ത്വത്തിലായിരുന്നു. ഇതു പരിഹരിക്കുന്നതിന് ഡോ. ടി. എന്‍. സീമ എം. പി. യുടെ നേതൃത്വത്തില്‍ സ്റ്റുഡന്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം 2009 – 2010 കാലയളവില്‍ വിജയിച്ച എല്ലാവര്‍ക്കും ഓപ്പണ്‍ സ്ക്കൂള്‍ പ്രവേശനം അനുവദിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടമാകാതെ ഓപ്പണ്‍ സ്ക്കൂള്‍ പ്രവേശനം സാധ്യമാക്കിയ വിദ്യാഭ്യാസ വകുപ്പു മന്ത്രിയേയും തത്തുല്യം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മികവിന് ഉറച്ച പിന്‍തുണ നല്‍കിയ ഡോ. ടി. എന്‍. സീമ എം. പി. യേയും എ ലെവല്‍ സ്റ്റുഡന്‍സ് കോ ഒാര്‍ഡിനേഷന്‍ കമ്മിറ്റി അഭിനന്ദിച്ചു. യോഗത്തില്‍ കണ്‍വീനര്‍ രതീഷ് വെണ്‍പാലവട്ടം അധ്യക്ഷത വഹിച്ചു.




പാലക്കാട് : പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ “ദര്‍ശന” യുടെ നാലാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് പാലക്കാട് ആരംഭിക്കും. രണ്ടു ദിവസം നീളുന്ന വാര്‍ഷിക സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കും. വാര്‍ഷിക പൊതു യോഗത്തിന് ശേഷം വൈകീട്ട് 6 മണി മുതല്‍ 8:30 വരെ പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ നയിക്കുന്ന ഗസല്‍ സന്ധ്യ മോയന്‍ സ്ക്കൂളില്‍ അരങ്ങേറും.
മൂവാറ്റുപുഴ : ചോദ്യ കടലാസില്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യം തയ്യാറാക്കി എന്ന കാരണത്താല്‍ സസ്പെന്‍ഷനില്‍ ആയ അധ്യാപകന്റെ കൈപ്പത്തി ഒരു സംഘം ആളുകള്‍ വെട്ടി മാറ്റി. തൊടുപുഴ ന്യൂമാന്‍ കോളജിലെ അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനാണ് ഇന്ന് രാവിലെ പള്ളിയില്‍ പോയി മടങ്ങുന്ന വഴിയില്‍ ആക്രമണം ഏറ്റത്. ജോസഫും കുടുംബവും സഞ്ചരിച്ച കാര്‍ നിര്‍ത്തിയ ശേഷം എല്ലാവരെയും പുറത്തിറക്കി മര്‍ദ്ദിച്ച ശേഷമാണ് ആക്രമികള്‍ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്.
























