ഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരിലെ പൊക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് 11 ന് നടക്കും. രാവിലെ ശീവേലിക്ക് ശേഷം ഉച്ചക്ക് മൂന്നു മണിയോടെ ഏങ്ങണ്ടിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ ഉത്സവ ക്കമ്മറ്റികളില്‍ നിന്നുമായി ആന എഴുന്നള്ളിപ്പിനൊപ്പം കാവടി, ശിങ്കാരി മേളം, തെയ്യം എന്നിവയുടെ അകമ്പടിയോടെ തിരുമംഗലം ശിവ ക്ഷേത്രത്തില്‍ എത്തും. ശ്രീദുര്‍ഗ്ഗാ ഉത്സവ കമ്മറ്റിയുടെ നേതൃത്വത്തില്‍ തെയ്യങ്ങള്‍ക്കൊപ്പം തിരുമംഗലം ശിവ ക്ഷേത്രം വലം വച്ച് പൊക്കുളങ്ങര ക്ഷേത്രത്തില്‍ എത്തും. വൈകീട്ട് നാലു മണിയോടെ പൊക്കുളങ്ങര ക്ഷേത്ര നടയില്‍ കൂട്ടിയെഴുന്നള്ളിപ്പ് ആരംഭിക്കും. ഇരുപത്തി ഒന്ന് ആനകള്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍ ഗുരുവായൂര്‍ വലിയ കേശവന്‍ ഭഗവതിയുടെ തിടമ്പേറ്റും. മംഗലാംകുന്ന് കര്‍ണ്ണന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍, കൊല്ലം പുത്തന്‍കുളം അനന്ത പത്മനാഭന്‍, ചെര്‍പ്ലശ്ശേരി പാര്‍ഥന്‍ തുടങ്ങിയ ഗജ വീരന്മാര്‍ പങ്കെടുക്കും. സന്ധ്യക്ക് നീലിമ സൌണ്ട് ഒരുക്കുന്ന ദീപാലങ്കാരവും ഗംഭീര വെടിക്കെട്ടും ദീപാരാധനയും ഉണ്ടാകും. രാത്രി ഏഴു മണി മുതല്‍ പതിനൊന്നു മണി വരെ കനലാട്ടം, കരകാട്ടം തുടങ്ങിയ കലാ പരിപാടികള്‍ ഉണ്ടായിരിക്കും.



ചാലക്കുടി: വാല്‍പാറ പ്രദേശത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ തോട്ടം തൊഴിലാളിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. ടാറ്റാ ടീ എസ്റ്റേറ്റിലെ തൊഴിലാളിയായ അണ്ണപ്പന്‍ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് അണ്ണപ്പന്‍ കാട്ടാനയുടെ മുമ്പില്‍ പെട്ടത്. കാട്ടാനയെ കണ്ട് ഭയന്നോടിയ അണ്ണപ്പനെ ആന തുമ്പി കൊണ്ട് എടുത്തെറി യുകയായിരുന്നു. തുടര്‍ന്ന് പാറയില്‍ തലയിടിച്ച് വീണതാകാം മരണ കാരണം. അണ്ണപ്പന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ആനയെ തുരത്തിയോടിച്ചു. ഗുരുതരമായി പരിക്കേറ്റ അണ്ണപ്പനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. മരിച്ച അണ്ണപ്പന് ഭാര്യയും കുട്ടിയുമുണ്ട്.
























