പറവൂര്‍: ചികിത്സയില്‍ ആയിരുന്ന ആന ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പില്‍ വീണു. തൊടുപുഴ സ്വദേശി അബ്ബാസിന്റെ സംരക്ഷണ യിലുള്ള കരുവാത്ത കണ്ണന്‍ എന്ന ആനയാണ് ഇന്നലെ പുലര്‍ച്ചെ പാപ്പാന്‍ അറിയാതെ ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പു നിറഞ്ഞ തോട്ടില്‍ വീണത്. വെടിമറ താന്നിപ്പാടം ക്ഷേത്രത്തിനടുത്തുള്ള പുഴയോട് ചേര്‍ന്ന തോട്ടില്‍ ആണ് ആന വീണത്. അവശനായ ആനയെ ചതുപ്പില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ മണിക്കൂറുകളോളം പ്രയത്നിക്കേണ്ടി വന്നു.
കുറച്ചു നാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു ആന. അടുത്തയിടെ ചികിത്സിക്കുവാനായി വെടിമറയ്ക്കടുത്ത് പ്രത്യേകം പന്തല്‍ തയ്യാറക്കിയിരുന്നു. ആള്‍ താമസം കുറഞ്ഞ പ്രദേശത്തായിരുന്നു ഇത്. ആനയെ ബന്ധവസാക്കിയ ശേഷം പാപ്പാന്‍ ഉറങ്ങുവാന്‍ പോയി. രാവിലെ പാപ്പാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ആനയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. പാപ്പന്റെ വിളി കേട്ടപ്പോള്‍ അടുത്തുള്ള ചതുപ്പില്‍ നിന്നും ആനയുടെ ശബ്ദം കേട്ടു. തുടര്‍ന്നുള്ള പരിശോധനയില്‍ ചതുപ്പില്‍ അകപ്പെട്ട നിലയില്‍ ആനയെ കണ്ടെത്തി. തുടര്‍ന്ന് മറ്റു പാപ്പന്മാരെയും സഹായികളേയും കൊണ്ട് ആനയെ ചതുപ്പില്‍ നിന്നും കയറ്റുവാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കാല്‍ ചെളിയില്‍ പൂണ്ടു പോയതിനാല്‍ ആനയെ ഉയര്‍ത്തുവാന്‍ ക്രെയിന്‍ ഉപയോഗപ്പെടുത്തേണ്ടി വന്നു. രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ ആനയുടെ ശരീരത്തില്‍ പലയിടത്തും പരിക്കേറ്റിട്ടുണ്ട്.