കൊച്ചി: മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇതേ കൊലക്കേസുമായി ബന്ധപ്പെട്ട് ഡി. വൈ. എഫ്. ഐ. നേതാവും എം. എൽ. എ. യുമായ ടി. വി. രാജേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ഷുക്കൂര്‍ വധക്കേസില്‍ 38ഉം 39ഉം പ്രതികളാണ് ഇരുവരും. നേരത്തെ പി. ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ മറ്റ് ഏഴു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരിലാണ് ജയരാജനെ പ്രതി ചേര്‍ത്തതും അറസ്റ്റു ചെയ്തതുമെന്നും മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദ ഫലമായാണ് ജയരാജനെ പ്രതിയാക്കിയതെന്നുമെല്ലാം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി. പി. ശശീന്ദ്രന്‍ വാദിച്ചു. താലിബാന്‍ മാതൃകയിലുള്ള കൊലയാണ് നടന്നതെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ജയരാജന്‍ പുറത്തിറങ്ങിയാല്‍ തെളിവു നശിപ്പിക്കുവാനും സാക്ഷികളെ ഭീഷണിപ്പെടുത്തുവാനും സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. കെ. ശ്രീധരന്‍ വാദിച്ചു.